കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരസഭ ആയി കാണാൻ പഞ്ചായത്ത് ഭരണസമിതി ആഗ്രഹിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ രാഷ്ട്രദീപികയോട് പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടതും ഈ കാര്യമാണെന്ന് ഷക്കീല നസീർ പറഞ്ഞു.
നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നഗരസഭയാക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചതോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തും പ്രതീക്ഷയിലാണ്. വരുന്ന ത്രിതല പഞ്ചായത്തിനു മുന്‍പ് തന്നെ നഗരത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളെ നഗര സഭയാക്കാനാണ് സർക്കാർ നീക്കം ആരംഭിച്ചത്. അങ്ങനെ വന്നാ ൽ കാഞ്ഞിരപ്പള്ളിക്ക് കോട്ടയം ജില്ലയിലെ പഞ്ചായത്തുകളിൽ പ്രഥമ പരിഗണന ലഭിച്ചേക്കും.
കിഴക്കൻ കേരളത്തിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി. കോട്ടയം ജില്ലയിലെ മറ്റ് നാല് താലൂക്ക് ആസ്ഥാനങ്ങളും നഗരസഭ ആയിട്ട് നാളുകൾ ഏറെയായെങ്കിലും കാഞ്ഞിരപ്പള്ളി മാത്രം ഇന്നും പഞ്ചായത്ത് ആയി പ്രവർത്തിക്കുകയാണ്. 1987ലെ നായനാർ സർക്കാരിന്റെ കാലത്ത് അന്നത്തെ നിയമസഭാംഗമായിരുന്ന കെ.ജെ. തോമസിന്റെ ശ്രമഫലമായി കാഞ്ഞിരപ്പള്ളിയെ നഗരസഭ ആക്കിയെങ്കിലും പിന്നീട് വന്ന യുഡിഎഫ് സർക്കാർ കാഞ്ഞിരപ്പള്ളിയെ പഞ്ചായത്ത് ആക്കി മാറ്റുകയാ യിരുന്നു.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ, ഈരാറ്റുപേട്ട പഞ്ചായത്തുകളെ നഗരസഭ ആക്കിയിരുന്നു. അന്ന് കാഞ്ഞിരപ്പള്ളിയെ നഗരസഭ ആക്കാൻ സർക്കാർ ആഗ്രഹിച്ചതാണ്. അന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്ലിം ലീഗായിരുന്നു.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കാഞ്ഞിരപ്പള്ളി നഗരസഭ ആക്കുന്നതിനെതിരേ ശക്തമായി രംഗത്തുവന്നത് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. എന്നാലി പ്പോൾ കാഞ്ഞിരപ്പള്ളി വലിയ തോതിൽ വികസിച്ചതോടെ നഗരസഭ ആക്കുന്നതിൽ മുസ്ലിം ലീഗും അനുകൂലമാണെ ന്നാണ് വിവരം.
കാഞ്ഞിരപ്പള്ളിയെ നഗരസഭ ആക്കണമെന്ന് ടൗണ്‍ വികസന സമിതി യോഗവും സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ബ്ലോക്ക് – നിയോജക മണ്ഡലം ആസ്ഥാനമായ കാഞ്ഞിരപ്പള്ളി പട്ടണത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടൗണ്‍ ബസ് സർവീസ് ആരംഭിക്കുകയും ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറന്പിൽ അധ്യക്ഷനായി. സെക്രട്ടറി വി.പി. ഷിഹാബുദീൻ വാളിക്കൽ, വി.എസ.് സലേഷ് വടക്കേടത്ത്, എം.കെ. സജി ലാൽ മാമ്മൂട്ടിൽ, അപ്പച്ചായി പുതുപറന്പിൽ, ബിജു കരോട്ടു മീത്തിൽ എന്നിവർ പ്രസംഗിച്ചു.