കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ദുരിതത്തിലാക്കുന്നു.
ആശുപത്രി കവാടം മുതൽ റോഡിലെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. പഴയ അത്യാഹിത വിഭാഗംവരെ ഇന്റർ ലോക്ക് ഇട്ടിട്ടുണ്ടെങ്കിലും മുന്നോട്ട് പുതിയ ആശുപത്രി കെട്ടിടത്തിലേക്ക് പോകുന്ന റോഡ് തകർന്ന നിലയിലാണ്. ഈ ഭാഗങ്ങളിലും ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
കിടപ്പുരോഗികളെ കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലൻസും ഈ കുഴികളിൽ ചാടി വേണം പോകാൻ. ഇത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.
ആശുപത്രിയിലെത്തുന്നവർ അധികൃതരോട് പരാതി അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. രോഗികളുടെ നടുവൊടിക്കുന്ന ദുരിതയാത്രയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെട്ടു.