കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും പിടികൂടിയ നാലംഗ സംഘം കോഴി ഫാമും ഓട്ടോറിക്ഷയും മറയാക്കിയാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി കഞ്ചാവ് വിൽപ്പന നടത്തിയ കാഞ്ഞിരപ്പള്ളി പാറക്കടവിൽ കണ്ടത്തിൽ അഫ്സൽ (25), പാറക്കടവ് ആനിക്കപ്പറന്പിൽ ബാസിത് (19), കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ അശ്വതി ഭവനിൽ അനന്തു (20), പാറക്കടവ് ആനിക്കപ്പറന്പിൽ സാബിത് (20) എന്നിവരെയാണ് നാലു കിലോഗ്രാം കഞ്ചാവുമായി ജില്ലാ പോലീസ് ചീഫ് ജി.ജയദേവിന്റെ ലഹരി വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പോലീസും ചേർന്നു പിടികൂടിയത്.
സംഘത്തിൽപ്പെട്ട നാലുപേർക്കും വ്യത്യസ്തമായ ജോലികളാണ് നല്കിയിരുന്നത്. തമിഴ്നാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്കു കഞ്ചാവ് എത്തിച്ചിരുന്നത് സാബിതായിരുന്നു. കഞ്ചാവ് സൂക്ഷിക്കുന്നതിന്റെ ചുമതല അഫ്സലിനായിരുന്നു.
ഇയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലും പരിസര പ്രദേശങ്ങളിലുമായിരുന്നു കഞ്ചാവ് സുരക്ഷിതമായി സൂക്ഷിച്ചിരുന്നത്. കഞ്ചാവ് ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതിന്റെ ചുമതലയായിരുന്നു ബാസിതിനും അനന്തുവിനുമുണ്ടായിരുന്നത്.
സംഘത്തിൽപ്പെട്ടവർ കഞ്ചാവ് വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതു നേരിൽകണ്ടും അതിനു കഴിഞ്ഞില്ലെങ്കിൽ വാട്സ് ആപ്പ് ഗ്രൂപ്പിലുടെയും മാത്രമായിരുന്നു.
സാബിതും അഫ്സലും തങ്ങളുടെ പരിചയത്തിലുള്ളവർക്കു കഞ്ചാവ് നല്കാൻ ബാസിതിനും അനന്തുവിനും നിർദേശം നല്കിയിരുന്നതും വാട്സ് ആപ്പിലൂടെയായിരുന്നു. ഇതിനായി സംഘത്തിൽപ്പെട്ട നാലുപേർ ചേർന്നു പ്രത്യേക വാട്സആപ് ഗ്രൂപ്പുമുണ്ടാക്കിയിരുന്നു.
അഫ്സലിന്റെ ഫോണിലേക്കായിരുന്നു കഞ്ചാവിന്റെ ഓർഡർ ലഭിച്ചുകൊണ്ടിരുന്നത്. ഓർഡർ ലഭിച്ചാൽ ആവശ്യക്കാർക്കുള്ള കഞ്ചാവുമായി സാബിതും ബാസിതും അനന്തുവും ഓട്ടോറിക്ഷയിൽ പുറപ്പെടുകയാണ് പതിവ്.
ഇടപാടുകാരെ ഒരിക്കലും ഫാമിലേക്കോ പരിസര പ്രദേശത്തേക്കോ അടുപ്പിച്ചിരുന്നില്ല. ആനക്കല്ല്, 26-ാം മൈൽ ഭാഗങ്ങളിൽ വച്ചാണ് കഞ്ചാവ് ആവശ്യക്കാർക്ക് കൈമാറിയിരുന്നത്.
പണംവാങ്ങി കഞ്ചാവ് കൈമാറിയാൽ ഉടൻ തന്നെ ഇവർ സ്ഥലംവിടും. അഫ്സലിന്റെയും സാബിതിന്റെയും ഓട്ടോറിക്ഷകളായിരുന്നു ഇവർ കച്ചവടത്തിന് ഉപയോഗിച്ചിരുന്നത്.
കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വേഷം മാറിയെത്തിയ പോലീസ് സംഘം ബാസിതിനെയും അനന്തുവിനെയുമാണ് ആദ്യം പിടികൂടിയത്.
ഇവരുടെ ഓട്ടോറിക്ഷയിൽ കഞ്ചാവ് പൊതികൾ കണ്ട് ചോദ്യം ചെയ്തതോടെയാണ് അഫ്സലിനെക്കുറിച്ചും ഇയാളുടെ കോഴി ഫാമിനെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചത്. തുടർന്നു ഫാമിലെത്തിയാണ് അഫ്സലിനെ പിടികൂടിയത്.
റോഡ് വീലർ ഇനത്തിൽപ്പെട്ട നാലു നായ്ക്കളെയാണ് ഫാമിനു ചുറ്റും കെട്ടിയിരുന്നത്. പരിചയമില്ലാത്തവർ എത്തിയാൽ നായ്ക്കളെ അഴിച്ചുവിടുകയാണ് അഫ്സൽ ചെയ്തിരുന്നത്. എന്നാൽ പോലീസുകാർ ബാസിത്, അനന്തു എന്നിവരെ കൊണ്ട് അഫ്സലിനെ വിളിച്ചു പുറത്തിറക്കുകയായിരുന്നു.
കൂടുതൽ ആളുകളെ കണ്ടതോടെ ഇയാൾ നായ്ക്കളെ അഴിച്ചു വിടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് പരിശോധന നടത്തിയപ്പോൾ 500, 2000 രൂപയുടെ പൊതികൾ ഫാമിനുള്ളിലും അരക്കിലോ വീതമുള്ള പൊതികൾ വീപ്പയിൽ നിറച്ചു കുഴിച്ചിട്ട നിലയിലുമായിരുന്നു.
പ്ലാസ്റ്റിക്ക് വീപ്പയിൽ കഞ്ചാവ് നിറച്ചശേഷം, ഇത് കുഴിച്ചിട്ട് ഇതിനു മുകളിൽ പ്ലാസ്റ്റിക്ക് ചാക്കിട്ട്, ഇതിനും മുകളിൽ കരിയില വിതറിയാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തുടർന്നു സാബിത്താണ് തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചിരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും അറസ്റ്റ് ചെയ്തത്.
ഫാമിൽ കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും രണ്ട് ഓട്ടോറിക്ഷകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫാമിലേക്ക് കഞ്ചാവ് എത്തിച്ചു നല്കുന്ന കൂടുതൽ ആളുകളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ള, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ എന്നിവരുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി എസ് എച്ച്ഒ ഇ.കെ. സോൾജിമോൻ, പൊൻകുന്നം എസ്എച്ച്ഒ എസ്. ഷിഹാബുദീൻ, എസ്ഐമാരായ മുകേഷ്, ഷിബു, ജോർജുകുട്ടി, എഎസ്ഐമാരായ പ്രദീപ്, മജോ എസ്.രാജ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി.നായർ, കെ.ആർ അജയകുമാർ, തോംസണ് കെ.മാത്യു, എസ്.അരുണ്, വി.കെ അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.