കണമല: അർബുദബാധിതനായ മകനൊപ്പം വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിയുന്ന പമ്പാവാലി പുതുപ്പറമ്പിൽ ഓമനയമ്മക്ക് വേണ്ടി പുതിയ വീടിന്റെ പണിപ്പുരയിലായിരുന്നു ഇന്നലെയും ഒരു സംഘം ഉദ്യോഗസ്ഥർ.
സ്വാതന്ത്ര്യ ദിന ആഘോഷം നിർധനയായ വീട്ടമ്മക്ക് വീട് നിർമിക്കാനുള്ള ശ്രമദാനമാക്കി മാറ്റുകയായിരുന്നു ഈ ഉദ്യോഗസ്ഥർ.
കാഞ്ഞിരപ്പള്ളി താലൂക്കിലെ റവന്യൂ വകുപ്പ് ജീവനക്കാരാണ് തസ്തികയുടെ വലുപ്പചെറുപ്പമില്ലാതെ കല്ലും കട്ടയും സിമന്റും മണ്ണുമൊക്കെ ചുമന്ന് ഇന്നലെയും കഴിഞ്ഞ ദിവസവും സൗജന്യ ശ്രമദാനം നടത്തിയത്.
ഓമനയമ്മയുടെ മൂത്ത മകൻ അർബുദം ബാധിച്ചാണ് മരിച്ചത്. ഇളയമകനും അർബുദ ബാധിതനായതോടെ ജീവിതം കടുത്ത പ്രാരാബ്ധങ്ങളിൽ കുടുങ്ങുകയായിരുന്നു.
പോലിസ് മുഖേന കുടുംബത്തിന്റെ ദയ നീയ സ്ഥിതി അറിഞ്ഞ കാഞ്ഞിരപ്പള്ളി തഹസിൽദാരുടെ നിർദേശ പ്രകാരം താലൂക്ക് ഓഫീസിലെയും താലൂക്കിലെ 13 വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരുടെ സഹായത്തോടെയാണ് കുടുംബത്തിന് വീടൊരുങ്ങുന്നത്.
പഞ്ചായത്തംഗം മറിയാമ്മ സണ്ണിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിവിധ ദിവസങ്ങളിൽ ശ്രമദാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഈ ഓണത്തിന് മുമ്പ് പുതിയ വീട് പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് കാഞ്ഞി രപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യൻ പറഞ്ഞു.