കാഞ്ഞിരപ്പള്ളി: ലോക്ക് ഡൗണ്‍ ദിനങ്ങളിലും മുടങ്ങാതെ ജോലി ചെയ്യുന്ന ഒരു വിഭാഗമാണ് സപ്ലൈക്കോ ജീവനക്കാർ. കൊറോണ അതിജീവനത്തിനായി വിതരണം ചെയ്യേണ്ട സൗജന്യ കിറ്റുകൾ അടക്കം തയാറാക്കുന്ന തിരക്കിലാണ് ഇവർ.
ലോക്ക് ഡൗണ്‍ ദിനങ്ങളിൽ കാഞ്ഞിരപ്പള്ളിയിലെ സപ്ലൈക്കോ ഓഫീസിൽ മാത്രം മുടക്കമില്ലാതെ ജോലി ചെയ്യുന്നത് അസിസ്റ്റന്റ് മാനേജരടക്കം സ്ഥിരവും താല്ക്കാലികവുമായ 15 ജീവനക്കാരാണ്. അതിജീവന കിറ്റുകൾ വിതരണത്തിനായി തയാറാക്കുന്നത് വിവിധ കേന്ദ്രങ്ങളിലായി നൂറോളം വരുന്ന താല്‍ക്കാലിക ജീവനക്കാരും.
സൂപ്പർ മാർക്കറ്റ്, മാവേലി സ്റ്റോർ, മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ വിവിധ ഒൗട്ട് ലെറ്റുകളിലായി 27 ജീവനക്കാരാണ് ജോലി നോക്കുന്നത്. ഇത് കൂടാതെ റേഷൻ ഡിപ്പോയിൽ 10 ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.
ഈ കൊറോണക്കാലത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന സർക്കാരിന്റെ ലക്ഷൃം നിറവേറ്റാണ് ലോക്ക് ഡൗണ്പ്രതിസന്ധി പോലും മറികടന്നുള്ള സപ്ലൈക്കോ ജീവനക്കാരുടെ മുടക്കമില്ലാത്ത പ്രവർത്തനമെന്ന് അസിസ്റ്റന്റ് മാനേജർ എ. മോഹനൻ പറയുന്നു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ 4,973 ഉം പീരുമേട് താലൂക്കിലെ 5,036 ഉം എഎവൈ കാർഡുടമകൾക്കായുള്ള കിറ്റുകൾ തയാറാക്കുന്ന പ്രവർത്തനത്തിനാണ് ഇപ്പോൾ സപ്ലൈക്കോ ജീവനക്കാർ മുൻഗണന കൊടുത്തിരിക്കുന്നത്.
അരി ഒഴിച്ചുള്ള 17 കൂട്ടം അവശ്യസാധനങ്ങളാണ് അതിജീവന കിറ്റുകൾ വഴി വീടുകളിലെത്തുക. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലെ റേഷൻ കടകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയടക്കം നിർവഹിക്കപ്പെടുന്നതും കാഞ്ഞിരപ്പള്ളി ഡിപ്പോ വഴിയാണ്.