മണ്ണാർക്കാട്: തുലാവർഷം മാറി വൃശ്ചികം പിറന്നതോടെ കാഞ്ഞിരപ്പുഴ ഡാം പരമാവധി സംഭരണശേഷിയിൽ. ജില്ലയിലെ മറ്റു ജലസംഭരണികളിലെല്ലാം വെള്ളം കുറവുണ്ടെങ്കിലും കാഞ്ഞിരപ്പുഴ ഡാമിൽ ജലസമൃദ്ധിയാണ്.മണ്ണാർക്കാട് താലൂക്കിലെ പ്രധാന ജലസംഭരണികളിലൊന്നായ കാഞ്ഞിരപ്പുഴഡാം പൂർണസംഭരണശേഷിയിലാണ്. ഡാമിന്റെ പ്രദേശങ്ങളായ വൃഷ്ടിപ്രദേശങ്ങളായ പാലക്കയം, ഇരുന്പകച്ചോല മലനിരകളിൽ ശക്തമായ മഴയാണ് ഇപ്പോഴുമുള്ളത്. ഇതേതുടർന്ന് വ്യാപക തോതിലാണ് ഡാമിന്റെ റിസർവോയറിലേക്ക് ഒഴുകിയെത്തുന്നത്.
മിഥുനം, കർക്കടകം മാസങ്ങളിൽ നിറയാറുള്ള രീതിയിൽ തന്നെയാണ് ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതി. അടുത്ത വേനലിലേക്കുള്ള അധികം വെള്ളം കാഞ്ഞിരപ്പുഴ ഡാം സംഭരിക്കുന്നു. ഈ സമയങ്ങളിൽ വെള്ളം സംഭരിക്കുന്നത് അടുത്ത വേനൽക്കാലത്തേക്ക് ഗുണംചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ശക്തമായ വേനലിൽ ജനങ്ങൾക്ക് കാഞ്ഞിരപ്പുഴ വെള്ളം ഏറെ ഉപകാരപ്രദമാണ്. കനാൽ വഴിയും കുടിവെള്ള വിതരണ പൈപ്പു വഴിയും കാഞ്ഞിരപ്പുഴ, തെങ്കര, തച്ചന്പാറ, കാരാകുറുശി പഞ്ചായത്ത് പരിധിയിലേക്ക് ഇവിടെനിന്നും വെള്ളംകൊണ്ടു പോകുന്നത്.
ഇതുമൂലം വേനലിൽ ഈ ഭാഗങ്ങളിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. കാഞ്ഞിരപ്പുഴ വെള്ളത്തെ ആശ്രയിച്ച് നിരവധി കർഷകരാണ് കൃഷിയിറക്കാനുള്ളത്. കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തിലെ കർഷകർ വെള്ളക്ഷാമം കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. വെള്ളത്തിന്റെ കുറവുമൂലം ഡാമിൽനിന്നും ആവശ്യമായ വെള്ളം തുറന്നുവിടാത്തത് കാരണവും കാലാവസ്ഥ വ്യതിയാനം കാരണം പലരും കൃഷി ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ ഈ വർഷം ആവശ്യത്തിന് വെള്ളം ഉണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇത് കാർഷികമേഖലയ്ക്ക് പുതിയ ജീവൻ നല്കുകയാണ്. കാഞ്ഞിരപ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി യായ 97.5 അടിയാണ്. ഈ സംഭരണശേഷിയിൽ എത്തിയിരിക്കുകയാണ് വെള്ളം. എന്നാൽ മുൻകരുതലെന്നപോലെ ഡാമിൽനിന്നും ജലസേചന വകുപ്പ് വെള്ളംതുറന്നു വിട്ടിട്ടുണ്ട്. മൂന്ന് ഷട്ടറുകൾ നന്നാക്കി അഞ്ചുസെൻറീമീറ്റർ വീതം വെള്ളമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.
ഇരുന്പകച്ചോല പുഴയിൽനിന്നും പാലക്കയം പുഴയിൽനിന്നും ഇരട്ടിയാണ് വെള്ളം റിസർവോയറിൽ ഒഴുകിയെത്തുന്നത്. കാഞ്ഞിരപ്പുഴ ഡാമിൽനിന്നാണ് ഇപ്പോൾ കാഞ്ഞിരപ്പുഴ, തച്ചന്പാറ ,കാരാകുറുശി പഞ്ചായത്തുകളിലൂടെ കുടിവെള്ളമായി വിതരണം നടത്തുന്നത്. കാഞ്ഞിരപ്പുഴ ഡാം ഏതു ഭാഗത്തുനിന്ന് നോക്കിയാലും നിറഞ്ഞുനില്ക്കുന്ന സൗന്ദര്യം ആസ്വദിക്കാനാകും.
ഷട്ടറിന്റെ മുകളിലും ഇരുന്പകചോലയിലും കുരിശുപള്ളിക്കു സമീപത്തെ വ്യൂപോയിൻറിലും പാലക്കായത്തും, പായ് പുല്ല് ഭാഗത്തും നിന്നാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ പ്രകൃതിസൗന്ദര്യം ആ സ്വദിക്കാനാകും.നിറഞ്ഞുനില്ക്കുന്ന കാഞ്ഞിരപ്പുഴ ഡാം വിസ്മയ കാഴ്ചയാണ് നല്കുന്നത്. നിലവിൽ ഡാമിന്റെ എല്ലാകരകളും നിറഞ്ഞിരിക്കുകയാണ്.