മണ്ണാർക്കാട്: പ്രളയഭീഷണി മുന്നിൽകണ്ട് ജില്ലയിലെ പ്രധാന ജലസംഭരണികൾ ഒന്നായ കാഞ്ഞിരപ്പുഴ ഡാമിൽ ഓഗസ്റ്റ് വരെ വെള്ളം സംഭരിക്കേണ്ടതില്ലെന്ന് തീരുമാനം.
കഴിഞ്ഞ രണ്ടുവർഷങ്ങളിലും പ്രളയം ഉണ്ടാകുകയും ഈ വർഷം പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിൽ 81.97 മീറ്റർ വെള്ളമാണ് ഉള്ളത്. 97.5 മീറ്റർ സംഭരണശേഷിയാണ് കാഞ്ഞിരപ്പുഴ ഡാമിനുള്ളത്.
കഴിഞ്ഞവർഷമാകട്ടെ 83.58 മീറ്റർ വെള്ളമാണ് ഉണ്ടായിരുന്നത്. ശക്തമായ മഴ, ഉരുൾ പൊട്ടൽ എന്നിവമൂലം അമിതതോതിൽ വെള്ളംവന്നു ഡാമിനു ഭീഷണി ഉണ്ടാകുമെന്ന് ഭീതിയാണ് അധികൃതരുടെ തീരുമാനത്തിനു പിന്നിൽ. ഏതാനും ദിവസങ്ങൾക്കുമുന്പുവരെ ഡാമിൽനിന്നും വെള്ളം തുറന്നുവിട്ടിരുന്നു.
കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായി കാഞ്ഞിരപ്പുഴ ഡാമിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഡാമിന്റെമൂന്നു ഷട്ടറുകൾ 100 സെൻറീമീറ്റർ വിധം ഉയർത്തിയിരുന്നു. ഇതേതുടർന്ന് ഡാമിന് താഴെ സ്ഥിതിചെയ്യുന്ന ക്രോസ് വേ തകരുകയും പാലക്കയം, പിച്ചളമുണ്ട ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി തടസപ്പെടുകയും ചെയ്തു.
തുടർന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഇടപെട്ട് താതാകാലിക പാലം, നടപ്പാത എന്നിവ ഒരുക്കിയിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ ചെലവഴിച്ചാണ് ക്രോസ് വേ പുതുക്കിപ്പണിതത്. തകർന്നഭാഗം പുതിയ നിർമിക്കുകയും രണ്ടുവരി പൈപ്പുലൈനുകൾ സ്ഥാപിക്കുകയും ചെയ്തു.
പുഴയുടെ വശങ്ങളിൽ താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രളയ സാധ്യത മുന്നിൽകണ്ടു ഡാമിലേക്ക് അത്യാവശ്യം വേണ്ട വെള്ളം മാത്രമേ ജലസേചനവകുപ്പ് വ്യക്തമാക്കിയത്.