നിലന്പൂർ: പ്രളയം തകർത്തെറിഞ്ഞ ചാലിയാർ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴയുടെ തീരങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികൾ ശുചീകരണം നടത്തി. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 60 കോളജുകളിലെ 400 ഓളം എൻഎസ്എസ് വോളണ്ടിയർമാരാണ് ഏറെ നാശനഷ്ടം ഉണ്ടായ മതിൽമൂല കോളനിക്ക് സമീപം ശുചീകരണത്തിൽ പങ്കെടുത്തത്.
അകന്പാടം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.പി.സമീറയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ് സംഘം പ്രളയഭൂമിയിലെത്തിയത്. കാഞ്ഞിരപ്പുഴയുടെ ഓരങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തു.
ചാലിയാർ പഞ്ചായത്തിലെ ഹരിതസേന, എക്സൈസ്, വനം വകുപ്പ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും കുട്ടികൾക്കൊപ്പം ചേർന്നു. ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്തിന്റെ പദ്ധതിയായ ക്ലീൻ ചാലിയാറിന് കൈമാറി.
മണ്ണുപ്പാടം, അകന്പാടം, കാഞ്ഞിരപ്പടി റോഡിൽ വനമേഖലയും നിലന്പൂർ-നായാടംപൊയിൽ മലയോരപാതയും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ, വൈസ് പ്രസിഡന്റ് എം.ടി.ലസ്ന, തോണിക്കടവൻ ഷൗക്കത്ത്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. സജിമോൻ, ഡെപ്യൂട്ടി റേഞ്ചർ ഇൻ ചാർജ് പി.എൻ.സജീവൻ, പ്രഫ. അബ്ദുൾ വഹാബ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കമ്മത്ത് എന്നിവർ നേതൃത്വം നൽകി.