പാലക്കാട് : കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട് 13 കോടിയുടെ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയതായി കോങ്ങാട് എം.എൽ.എ കെ വി വിജയദാസ് അറിയിച്ചു.
കൂടുതൽ ടൂറിസ്റ്റുകളെ ഉദ്യാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പാത, പവലിയൻ മണ്ഡപം, വ്യൂ ടവർ, കുട്ടികളുടെ കളിസ്ഥലം, സിറ്റിങ് ഗാലറി, ക്രിക്കറ്റ്-ബാസ്ക്കറ്റ്-ഫുട്ബോൾ ഗ്രൗണ്ടുകൾ, തൂക്കുപാലം എന്നിവ നിർമാണം ഉൾപ്പെടുത്തിയ പ്രപ്പോസൽ ഇറിഗേഷൻ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം ലഭിച്ചയുടനെ അംഗീകാരത്തിനായി ടൂറിസം ഡയറക്ടർക്ക് അയയ്ക്കും.
കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന അവലോകന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.നിലവിൽ ബോട്ടുജെട്ടി, കുട്ടികളുടെ പാർക്ക്, നടപ്പാത, വിശ്രമ മുറികൾ ഉൾക്കൊള്ളുന്ന കെട്ടിടം എന്നിവയുടെ നവീകരണം, റെയിൻ ഷെൽട്ടർ നിർമാണം, കുളം വൃത്തിയാക്കി ഫൗണ്ടൻ നിർമിക്കൽ, കാന്റീൻ കെട്ടിട നിർമാണം, ഉദ്യാനത്തിന്റെ മുൻവശത്തെ ചുറ്റുമതിലിന്റെ പെയിന്റിങ് തുടങ്ങിയവയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിനായി സർക്കാർ 2.97 കോടിയാണ് അനുവദിച്ചത്.
2018 സെപ്റ്റംബർ മാസത്തിനകം എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കാനും നിർദേശം നൽകി. കെ വിജയദാസ് എംഎൽഎ അധ്യക്ഷനായ യോഗത്തിൽ കാഞ്ഞിരപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്. മജീദ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഷംസുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് നുസ്രത്ത് ചേപ്പോടൻ, എക്സിക്യൂട്ടീവ് ഏജൻസി ’സിൽക്’ സൈറ്റ് എൻജിനീയർ എസ്. ശ്യാം കൃഷ്ണൻ എന്നിവർ പങ്കെടുത്തു.