മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കാഞ്ഞിരപ്പുഴ ഡാമിൽ നടക്കുന്ന അറ്റകുറ്റപണികൾ തകൃതിയായി നടക്കുന്നു. അതേസമയം ഈ മഴക്കാലവും വെള്ളം സംഭരിക്കാൻ ആയിട്ടില്ല. ലോകബാങ്ക് സഹായത്തോടെ 14.5 കോടിയോളം രൂപ ചിലവഴിച്ചാണ് കാഞ്ഞിരപ്പുഴയിൽ വൻനിർമാണപ്രവൃത്തികൾ നടക്കുന്നത്.
ഡാമിന്റെ പ്രധാന പണികളിൽ ഒന്നായ ഷട്ടറിന്റെ അറ്റകുറ്റപ്പണികളാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നത്. കഴിഞ്ഞദിവസം ഡാം സന്ദർശിച്ച സംസ്ഥാന ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ശക്തമായ നിർദേശത്തെ തുടർന്ന് ഡാമിന്റെ ഷട്ടർനിർമാണം വേഗത്തിലാക്കുകയായിരുന്നു.
ശക്തമായ മഴ പെയ്തിട്ടും ഒരു തുള്ളിവെള്ളംപോലും ശേഖരിക്കാനാവാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.ഇരുപതോളം ജീവനക്കാരാണ് ഷട്ടറിന്റെ അറ്റകുറ്റജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്നു ഷട്ടറുകളും എടുത്തുമാറ്റിയാണ് പണികൾ നടക്കുന്നത്.
കഴിഞ്ഞ വർഷവും ഷട്ടറിന്റെ പണികൾ നടത്തിയതാണ്. എന്നാൽ ഇവ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞവർഷം ജൂണ് മാസത്തിൽ മാത്രമാണ് വെള്ളം സംഭരിക്കാനായത്. ഇത് കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ആവശ്യത്തിന് വെള്ളം ഇല്ലാത്തതുകാരണം പലരും കൃഷി ഉപേക്ഷിച്ചു.
ഈ വർഷവും അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അധികൃതർ നിർദേശം നൽകിയതാണ്. എന്നാൽ അതും നടന്നില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ മഴയാണ് ഈ വർഷം ലഭിച്ചത്.ഈ വെള്ളം സംഭരിക്കുകയാണെങ്കിൽ കുടിവെള്ളത്തിനും കൃഷിക്കുമായി വെള്ളം സാധ്യമായിരുന്നു.
ഷട്ടറിന്റെ പണി പൂർത്തിയാവുന്നതോടെ ഓഗസ്റ്റ് മാസമെങ്കിലും വെള്ളം സംഭരിക്കാനാവുമെന്നാണ്് ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഓഗസ്റ്റ് മാസത്തിൽ മഴ ഉണ്ടാകുമോ എന്നുപോലും ഉറപ്പില്ല. അടുത്ത വർഷത്തെ കാർഷിക പ്രവൃത്തികൾ അവതാളത്തിലാവാനുള്ള സാധ്യത ഏറെയാണ്.
മാത്രമല്ല കുടിവെള്ളത്തിനും ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഉറപ്പാണ്. ഡാമിൽ നിന്നും ശക്തമായി ചെക്ക് ഡാമിലേക്ക് വെള്ളം ഒഴുകുകയാണ്. ഇതുമൂലം നിരവധി ആളുകൾ ചെക്ക് ഡാമിൽ മീൻ പിടിക്കുന്നതിനും എത്തുന്നുണ്ട്.