കൽപ്പറ്റ: അടിയന്തരാവസ്ഥക്കാലത്തു വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത 12 ഏക്കർ കൃഷിഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു തിരികെ ലഭിക്കുന്നതിനായി കാഞ്ഞിരത്തിനാൽ ജെയിംസ് കൽപ്പറ്റ കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന സമരം ആറ് വർഷം പിന്നിട്ടു.
60 വർഷം മുന്പ് വിലകൊടുത്തുവാങ്ങി, നികുതിയടച്ച് താമസിച്ചുവന്നിരുന്ന ഭൂമിയിൽ നിന്ന് പെട്ടെന്നൊരു ദിവസം കുടിയിറക്കപ്പെട്ട കഥയാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേത്. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയിൽ ഇവർക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം കൂടിയായിരുന്നു.
കടുത്ത നീതി നിഷേധത്തിനിടെ ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന സമരം, 2015 ഓഗസ്റ്റ് 15 മുതൽ ജോർജിന്റെ മകളും കുടുംബവും വയനാട് കളക്ടറേറ്റിലേക്ക് മാറ്റുകയായിരുന്നു. മറ്റൊരു ഓഗസ്റ്റ് 15 കഴിയുന്പോഴും അനീതിയുടെ വെറും നിലത്ത് ഇവരുടെ സത്യഗ്രഹസമരം 2194 പിന്നിടുകയാണ്.
കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ 1967ൽ കുട്ടനാട് കാർഡമം കന്പനിയിൽനിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടം വനം വകുപ്പ് പിടിച്ചെടുക്കുന്നതോടെയാണ് ഈ കുടുംബത്തിന്റെ ദുരിതം തുടങ്ങുന്നത്. ഈ സ്ഥലം 1949ലെ മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയിൽപ്പെട്ടതാണെന്ന നിലപാടിലായിരുന്നു വനം വകുപ്പ്.
ഭൂമി പിടിച്ചെടുത്തതിനു എതിരായ പരാതിയിൽ 1978 നവംബർ ആറിനു കാഞ്ഞിരത്തിനാൽ കുടുംബത്തിനു അനുകൂലമായി കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയുണ്ടായി. എന്നാൽ വനം വകുപ്പ് നൽകിയ അപ്പീലിൽ 1985 ഫെബ്രുവരി രണ്ടിനു പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധി കുടുംബത്തിനു എതിരായി.
ഇതിനു പിന്നാലെ ഹൈക്കോടതിയിലെത്തിയ ഭൂമിക്കേസിൽ കക്ഷികൾ ഹാജരാകാത്തതിനെത്തുടർന്നു എക്സ്പാർട്ടി വിധിയുണ്ടായി. കാഞ്ഞിരത്തിനാൽ ജോർജിന്റെ പേരിൽ അദ്ദേഹം അറിയാതെ നൽകിയ ഹരജിയിലായിരുന്നു ഇത്.
ഫോറസ്റ്റ് ട്രിബ്യൂണലിന്റെയും പിന്നീട് ഹൈക്കോടതിയുടെയും ഉത്തരവുകളിൽ പരാമർശിക്കുന്നതു കാഞ്ഞിരത്തിനാൽ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമിയല്ലെന്നു വ്യക്തമാക്കുന്ന രേഖകൾ വിവരാവകാശ നിയമപ്രകാരം അഭിഭാഷകനായ പ്രദീപ്കുമാർ സന്പാദിച്ചിരുന്നു.
മാനന്തവാടി സബ് കളക്ടറായിരുന്ന ശ്രിറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതി സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകളിലും കാഞ്ഞിരത്തിനാൽ കുടുംബം അവരുടേതെന്നു പറയുന്ന സ്ഥലം വനം വകുപ്പ് വിജഞാപനം ചെയ്ത ഭൂമിയുടെ ഭാഗമല്ലെന്നു വ്യക്തമാക്കിയതുമാണ്.
വനഭൂമിയുടെ ഭാഗമെന്നു പറഞ്ഞു പിടിച്ചെടുത്ത സ്ഥലം 2010 ഒക്ടോബർ 21നു വനഭൂമിയായി വിജ്ഞാപനം ചെയ്തതിലെ അനൗചിത്യവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവുമൊടുവിൽ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി റിപ്പോർട്ട് നൽകി ഒരു വർഷമായിട്ടും ഇവരുടെ കേസിൽ തീരുമാനമെടുക്കാൻ സർക്കാർ തയ്യാറായില്ല.
വിലകൊടുത്തി വാങ്ങി, നികുതിയൊടുക്കിയിരുന്ന ഭൂമിക്ക് വേണ്ടി നാലര പതിറ്റാണ്ടിലധികമായി കാഞ്ഞിരത്തിനാൽ കുടുംബം തുടരുന്ന സമരം, സർക്കാർ സംവിധാനങ്ങൾ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ എത്രമേൽ ദുരിതം വിതക്കുമെന്നതിന്റെ നേർചിത്രമാണ് വരച്ചിടുന്നത്.
അന്തിയുറങ്ങിയിരുന്ന വീട് പൊളിച്ചുകളഞ്ഞ് ജണ്ട കെട്ടിയ വനം റവന്യൂ വകുപ്പുകളുടെ നടപടി നിസഹായതോടെ നോക്കിനിൽക്കേണ്ടി വന്ന ഈ കുടുംബത്തിനൊപ്പം നിയമം പോലും കൂടെ നിന്നില്ല.
12 വർഷം മുന്പ് വിജിലൻസ് തയാറാക്കിയ റിപ്പോർട്ടിലും നാല് വർഷം മുന്പ് സബ് കളക്ടർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലും ഭൂമിയുടെ അവകാശികൾ കാഞ്ഞിരത്തിനാൽ കുടുംബമാണെന്ന് വ്യക്തമാക്കിയിട്ടും ഈ കുടുംബത്തിന് നീതി മാത്രം കിട്ടിയില്ല.
’ഭൂമിക്കായി 18 വർഷം പോരാടിയ എനിക്ക് തിരിഞ്ഞു നോക്കുന്പോൾ സങ്കടം മാത്രമാണ് ബാക്കി. കടം കയറി കുടുംബം മുടിഞ്ഞു. അപ്പച്ചനും അമ്മച്ചിയും മരിച്ചു.
മക്കൾ വളർന്നു വരുകയാണ്. അവരുടെ ഭക്ഷണ, വിദ്യാഭ്യാസ ചെലവുകൾ എങ്ങനെ കണ്ടെത്തുമെന്നറിയില്ല. നീതിക്കു വേണ്ടി ഇരക്കാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല. ഇനി പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ജെയിംസ് പറഞ്ഞു.