കൽപ്പറ്റ: കാഞ്ഞിങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ 12 ഏക്കർ ഭൂമി വനം വകുപ്പ് പിടിച്ചെടുത്തതിനെതിരായ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 22നു പരിഗണിക്കും. കാഞ്ഞിരത്തിനാൽ പരേതരായ ജോർജ്-ഏലിക്കുട്ടി ദന്പതികളുടെ മകൾ ട്രീസയുടെ ഭർത്താവ് തൊട്ടിൽപ്പാലം കട്ടക്കയം ജയിംസ് നൽകിയ പരാതിയാണ് ഉച്ചകഴിഞ്ഞു രണ്ടിനു കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തുന്ന സിറ്റിംഗിൽ പരിഗണിക്കുന്നത്.
ഇതുസംബന്ധിച്ച അറിയിപ്പ് ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തുന്ന ജയിംസിനു ലഭിച്ചു. സത്യഗ്രഹം ഇന്നലെ 1150 ദിവസം പിന്നിട്ടു. കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ 1967ൽ കുട്ടനാട് കാർഡമം കന്പനിയിൽനിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുത്ത്. കാഞ്ഞിരത്തിനാൽ കുടുംബത്തന്റെ കൈവശമുള്ളത് 1949ലെ മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയിൽപ്പെട്ട ഭൂമിയാണെന്നു വാദിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി.
ഇതിനെതിരായ പരാതിയിൽ 1978 നവംബർ ആറിനു കാഞ്ഞിരത്തിനാൽ കുടുംബത്തിനു അനുകൂലമായി കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയുണ്ടായി. എന്നാൽ വനം വകുപ്പ് നൽകിയ അപ്പീലിൽ 1985 ഫെബ്രുവരി രണ്ടിനു പാലക്കാട് ഫോറസ്റ്റ് ട്രീബ്യൂണൽ പുറപ്പെടുവിച്ച വിധി കുടുംബത്തിനു എതിരായി. ഇതിനു പിന്നാലെ ഹൈക്കോടതിയിലെത്തിയ ഭൂമിക്കേസിൽ കക്ഷികൾ ഹാജരാകാത്തതിനെത്തുടർന്നു എക്സ്പാർട്ടി വിധിയുണ്ടായി. കാഞ്ഞിരത്തിനാൽ ജോർജിന്റെ പേരിൽ അദ്ദേഹം അറിയാതെ നൽകിയ വ്യാജ ഹരജിയിലായിരുന്നു എക്സ്പാർട്ടി വിധി.
വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത ഭൂമി വീണ്ടെടുക്കുന്നതിനു കാഞ്ഞിരത്തിനാൽ ജോർജും ഭാര്യയും കളക്ടറേറ്റു പടിക്കൽ സമരം ചെയ്തിരുന്നു. വിഷയത്തിൽ ഇടപെട്ട കർഷകസംഘം ജില്ലാ ഘടകവും അന്നത്തെ ബത്തേരി എംഎൽഎ പി. കൃഷ്ണപ്രസാദും മറ്റും ശക്തമായ സമ്മർദം ചെലുത്തിയതിനെത്തുടർന്നു കാഞ്ഞിരത്തിനാൽ കുടുംബത്തിനു ഭൂമി വിട്ടു കൊടുത്ത് 2007ൽ സർക്കാർ ഉത്തരവായി.
2007 നവംബർ 24നു കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂനികുതി കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസിൽ സ്വീകരിച്ചു. ആറു ദിവസത്തിനുശേഷം കൈവശ സർട്ടിഫിക്കറ്റും അനുവദിച്ചു. എന്നാൽ ഭൂമിയിൽ കൃഷിയിറക്കുന്നതിനായി അടിക്കാടും ചെറുമരങ്ങളും വെട്ടിനീക്കുന്നതിനു കാഞ്ഞിരത്തിനാൽ കുടുംബം തേടിയ അനുമതി വനം വകുപ്പ് നിഷേധിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ തൃശൂരിലെ വണ്‍ ലൈഫ് വണ്‍ എർത്ത് എന്ന പരിസ്ഥിതി സംഘടന കാഞ്ഞിരത്തിനാൽ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.
1985ലെ ഫോറസ്റ്റ് ട്രിബ്യൂണൽ ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു പരിസ്ഥിതി സംഘടനയുടെ ഹരജി. ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കുന്ന പോലീസ് വിജിലൻസ്, റവന്യൂ അന്വേഷണ റിപ്പോർട്ടുകൾ പിന്നീട് സർക്കാരിനു ലഭിച്ചെങ്കിലും കോടതിയിൽ ഹാജരാക്കിയില്ല. ഇത് 2016 ഡിസംബർ ഏഴിനു പരിസ്ഥിതി സംഘടനയ്ക്കു അനുകൂലമായ ഹൈക്കോടതി ഉത്തരവിനു കാരണമായി.
കാഞ്ഞിരത്തിനാൽ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം വനഭൂമിയുടെ ഭാഗമല്ലെന്നു വ്യക്തമാക്കുന്ന 2009 ഓഗസ്റ്റ് 17ലെ വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പുസഹിതം നൽകിയ പരാതിയാണ് മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട് 2016 നവംബർ 11നു അന്നത്തെ മാനന്തവാടി സബ്കളക്ടർ ശിറാം സംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതി സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും മനുഷ്യാവകാശ കമ്മീഷനു ലഭ്യമാക്കുമെന്നു ജയിംസ് പറഞ്ഞു.
കാഞ്ഞിരത്തിനാൽ കുടുംബത്തിനു സഹായകമായ കണ്ടെത്തലുകളാണ് സബ്കളക്ടറുടെ റിപ്പോർട്ടിലും ഉള്ളത്. 1949ലെ എംപിപിഎഫ് ആക്ടിന്റെ പരിധിയിൽ മലബാറിലെ ഏതെല്ലാം വില്ലജുകളിൽ ഏതെല്ലാം സർവേ നന്പരുകളിൽ എത്ര ഹെക്ടർ സ്വകാര്യ വനഭൂമി ഉണ്ടായിരുന്നുവെന്ന് കർഷക സംഘടനയായ ഹരിതസേനയുടെ അധ്യക്ഷൻ അഡ്വ.വി.ടി. പ്രദീപ്കുമാർ വനം കസ്റ്റോഡിയനോട് വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിരുന്നു.
ഇതു സംബന്ധിച്ച രേഖകൾ കാര്യാലയത്തിൽ ലഭ്യമല്ലെന്ന മറുപടിയാണ് പ്രദീപ്കുമാറിനു ലഭിച്ചത്. എന്നിരിക്കെ തങ്ങളുടെ ഭൂമി എംപിപിഎഫ് ആക്ടിന്റെ പരിധിയിൽപ്പെട്ടതാണെന്ന 1985ലെ ഫോറസ്റ്റ് ട്രബ്യൂണൽ ഉത്തരവിലെ അനൗചിത്യം മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ജയിംസ് പറഞ്ഞു. വനഭൂമിയുടെ ഭാഗമെന്നു പറഞ്ഞു പിടിച്ചെടുത്ത സ്ഥലം 2010 ഒക്ടോബർ 21നു വനഭൂമിയായി വിജ്ഞാപനം ചെയ്തത് എന്തിനാണെന്നു പരിശോധിക്കണമെന്നു കമ്മീഷനോടു അഭ്യർഥിക്കുമെന്നും ജയിംസ് വ്യക്തമാക്കി.