കല്‍പ്പറ്റ: വിലയ്ക്കുവാങ്ങിയ കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുത്തതിനെതിരെ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബം നാലു പതിറ്റാണ്ടിലധികമായി നടത്തിവരുന്ന പോരാട്ടം ഫലപ്രാപ്തിയിലേക്ക്. നീതി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അരികെ എന്നതിലേക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം വിരല്‍ചൂണ്ടുന്നത്.
ഭൂമി പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശ സമര്‍പ്പണത്തിനു വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താനായിരുന്നു വനം മന്ത്രി കെ. രാജു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, സി.കെ. ശശീന്ദ്രന് എംഎല്‍എ, വനം-വന്യജീവി അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, നിയമ സെക്രട്ടറി പി.കെ. അരവിന്ദ്ബാബു തുടങ്ങിയവരും പങ്കെടുത്ത യോഗ തീരുമാനം. കളക്ടറുടെ നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്കു അന്തിമ തീരുമാനമെടുക്കാനും യോഗത്തില്‍ തീരുമാനമായി.
ഭൂമി പ്രശ്നം പരിഹരിക്കുന്നതിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രിയോടു നന്ദിയുണ്ടെന്നും 1643 ദിവസങ്ങളായി കളക്ടറേറ്റു പടിക്കല്‍ സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗം കെ.കെ. ജയിംസ് പറഞ്ഞു.
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ ഡിസംബര്‍ ആറിനു ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമായി എന്തുചെയ്യാന്‍ കഴിയുമെന്നു പരിശോധിച്ചു അറിയിക്കണമെന്നു സെപ്റ്റംബര്‍ 24നു കത്തിലൂടെ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു റിപ്പോര്‍ട്ട്.
വനം വകുപ്പിന്റെ വിജ്ഞാപനം റദ്ദുചെയ്തു സ്ഥലം കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വിട്ടുകൊടുക്കാമെന്നും ഭൂമിക്കു പകരം കമ്പോളവില സ്വീകരിക്കാന്‍ കുടുംബം സന്നദ്ധമാണെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍. ഈ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം.
ഹരിതസേന സംസ്ഥാന ചെയര്മാന് അഡ്വ.വി.ടി. പ്രദീപ്കുമാര്‍ 2018 ജൂലൈ 10നു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനവും കാഞ്ഞിരങ്ങാട് വില്ലേജിലെ 12 ഏക്കര്‍ ഭൂമിയില്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി 2019 ഓഗസ്റ്റു രണ്ടിനു പരിശോധനയും തെളിവെടുപ്പും നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടുമാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടുന്നതിനു ഇടയാക്കിയത്.
പ്രദീപ്കുമാറിന്റെ പരാതിയിലായിരുന്നു കെ.ബി. ഗണേഷ്കുമാര് അധ്യക്ഷനായ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയുടെ പരിശോധനയും തെളിവെടുപ്പും. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന 12 ഏക്കര്‍ വനഭൂമിയല്ലെന്നും വിട്ടുകൊടുക്കാമെന്നുമായിരുന്നു നിയമസഭാ പെറ്റീഷഷന്സ് കമ്മിറ്റി ശിപാര്‍ശ.
കാഞ്ഞിരത്തിനാല്‍ പരേതനായ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നതെന്നു വാദിച്ചു 1975ല്‍ വനം വകുപ്പ് പിടിച്ചെടുത്തത്. ഈ സ്ഥലം 2010 ഒക്ടോബര്‍ 21നു വനഭൂമിയായി വനം-വന്യജീവി വകുപ്പ് വിജ്ഞാപനം ചെയ്യുകയുമുണ്ടായി.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടു കൊടുത്ത് 2007ല്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. 2007 നവംബര്‍ 24നു ഭൂനികുതി കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസില്‍ സ്വീകരിച്ചു. ആറു ദിവസത്തിനുശേഷം കൈവശ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു.
എന്നാല്‍ തൃശൂരിലെ വണ്‍ ലൈഫ് വണ്‍ എര്‍ത്ത് എന്ന പരിസ്ഥിതി സംഘടന കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ ഭൂമി പ്രശ്നം വീണ്ടും നിയമക്കുരുക്കിലായി.
കാഞ്ഞിരത്തിനാല്‍ കുടുംബം ഫോറസ്റ്റ് ട്രിബ്യൂണലിലും പിന്നീട് ഹൈക്കോടതിയിലും നടത്തിയ വ്യവഹാരങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. വനം വകുപ്പ് പിടിച്ചെടുത്തതു കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാത്തതായിരുന്നു ഹൈക്കോടതിയില്‍ കേസില്‍ വിപരീതഫലത്തിനു പ്രധാന കാരണം.
വണ്‍ ലൈഫ് വണ്‍ എര്‍ത്തിനു അനുകൂലമായ വിധിക്കെതിരെ കാഞ്ഞിരത്തിനാല്‍ കുടുംബം കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ അഡ്വ.പി.സി. തോമസ് മുഖേന സമര്‍പ്പിച്ച റിവ്യൂ പെറ്റീഷന് ഹൈക്കോടതി തള്ളി. തുടര്‍ന്നു തോമസ് സുപ്രീം കോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന് ഫയല്‍ ചെയ്തെങ്കിലും 2018 മാര്‍ച്ച് അഞ്ചിനു പിന്‍വലിക്കുകയാണുണ്ടായത്.