കല്‍പ്പറ്റ: വയനാട് കാഞ്ഞിരത്തിങ്കല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.
പ്രശ്നം പരിഹരിക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ യോഗം പരിശോധിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും. യോഗത്തില്‍ വനം മന്ത്രി കെ. രാജു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, സി.കെ. ശശീന്ദ്രന് എംഎല്‍എ, വനംവന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, നിയമ സെക്രട്ടറി പി.കെ. അരവിന്ദ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുത്ത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശമുള്ളത് 1949ലെ മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍പ്പെട്ട ഭൂമിയാണെന്നു വാദിച്ചായിരുന്നു നടപടി.
ഇതിനെതിരായ പരാതിയില്‍ 1978 നവംബര്‍ ആറിനു കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമായി കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയുണ്ടായി. എന്നാല്‍ വനം വകുപ്പ് നല്കിയ അപ്പീലില്‍ 1985 ഫെബ്രുവരി രണ്ടിന് പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധി കുടുംബത്തിനു എതിരായി.
ഇതിനു പിന്നാലെ ഹൈക്കോടതിയിലെത്തിയ ഭൂമിക്കേസില്‍ കക്ഷികള്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു എക്സ്പാര്‍ട്ടി വിധിയുണ്ടായി. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ പേരില്‍ അദ്ദേഹം അറിയാതെ നല്കിയ ഹർജിയിലായിരുന്നു ഇത്. എന്നാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടു കൊടുത്ത് 2007ല്‍ സര്‍ക്കാര്‍ ഉത്തരവായി.
2007 നവംബര്‍ 24നു കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂനികുതി കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസില്‍ സ്വീകരിച്ചു. ആറു ദിവസത്തിനുശേഷം കൈവശ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. എന്നാല്‍ ഭൂമിയില്‍ കൃഷിയിറക്കുന്നതിനായി അടിക്കാടും ചെറുമരങ്ങളും വെട്ടിനീക്കുന്നതിനു കാഞ്ഞിരത്തിനാല്‍ കുടുംബം തേടിയ അനുമതി വനം വകുപ്പ് നിഷേധിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൃശൂരിലെ വണ്‍ ലൈഫ് വണ്‍ എര്‍ത്ത് എന്ന പരിസ്ഥിതി സംഘടന കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു പരിസ്ഥിതി സംഘടനയുടെ ഹർജി. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഭൂമി സംബന്ധിച്ച അവകാശം വീണ്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നഷ്ടമായി.
ഭൂമിപ്രശ്നത്തില്‍ കാഞ്ഞിരത്തിനാല്‍ പരേതരായ ജോര്‍ജ് – ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസയുടെ ഭര്‍ത്താവ് തൊട്ടില്‍പ്പാലം കട്ടക്കയം ജയിംസ് വയനാട് കളക്ടറേറ്റ് പടിക്കല്‍ 2015 ഓഗസ്റ്റ് 15 മുതല്‍ സത്യഗ്രഹം നടത്തിവരികയാണ്.