നെന്മാറ: പാവപ്പെട്ട വിദ്യാർഥികളെ ലക്ഷ്യമാക്കി അയിലൂർ പഞ്ചായത്ത് നടപ്പാക്കിയ പ്രഭാത ഭക്ഷണവിതരണം ഉദ്ഘാടനത്തിലൊതുങ്ങി. പദ്ധതിക്കു തടസം നില്ക്കുന്നതായി ആരോപിച്ചു നിർവഹണ ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു.ജൂലൈ 20ന് കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്ത പദ്ധതിയാണു മുടങ്ങിയത്.
അയിലൂർ ഗവണ്മെന്റ് യുപി സ്കൂൾ, തിരുവഴിയാട് ഗവണ്മെന്റ് യുപി സ്കൂൾ, കയറാടി ഗവണ്മെന്റ് എൽപി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന 800 വിദ്യാർഥികളെ ലക്ഷ്യമിട്ടാണു 13,80,200 രൂപ വകയിരുത്തിയിരുന്നത്. പിടിഎ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവ വഴി നടപ്പാക്കാനായിരുന്നു പദ്ധതി. അഞ്ചുലക്ഷം രൂപയ്ക്കു മുകളിലുള്ള പദ്ധതികൾക്കു ഇ-ടെൻഡർ വേണമെന്ന നിബന്ധനയുടെ പേരിലാണു നിർവഹണ ഉദ്യോഗസ്ഥ തടസം നിന്നത്.
അംഗീകാരം ലഭിച്ച പദ്ധതി നടപ്പാക്കാൻ തടസം നില്ക്കുന്ന ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും വകുപ്പുമന്ത്രിക്കും കത്ത് നല്കിയതായി അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ പറഞ്ഞു. പരാതിയെ തുടർന്ന് പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥയായ പ്രധാനാധ്യാപികയെ സ്ഥലംമാറ്റി.