ചെങ്ങന്നൂർ: മലയാളികളുടെ തീൻമേശയിലെ വിഭവങ്ങൾ കുറയുന്നു. മൂന്നും നാലും അഞ്ചും കൂട്ടം കറി കൂട്ടി വിഭവ സമൃദ്ധമായി ഊണ് കഴിച്ചിരുന്നവർ ഒന്നിലോ രണ്ടിലോ ആയി ചുരുക്കി. ചിലർ കഞ്ഞിയും ചമ്മന്തിയിലേക്കും മാറി. മീൻ, കോഴി, ഇറച്ചി, പച്ചക്കറി എന്നിവയുടെ വില ഒരു പോലെ കൂടിയതാണ് തീൻമേശ വിഭവങ്ങൾ കുറയാൻ കാരണമായത്.
ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയ ഉത്സവ സീസണുകൾ കഴിയുമ്പോൾ കോഴിവില കുറയുമെന്ന് കരുതിയെങ്കിലും കുറഞ്ഞില്ല. 150 മുതൽ 160 വരെയാണ് നിലവിലെ വില. പക്ഷിപ്പനിയായിട്ടും കോഴിയിറച്ചിയുടെ വിലയ്ക്ക് കുറവില്ല. കഴിഞ്ഞ പക്ഷിപ്പനി സമയത്ത് 60 രൂപയായിരുന്നു വില.
കോഴി വേണ്ട മീൻ വാങ്ങാമെന്ന് വിചാരിച്ചാലും കീശ കീറും. കേരള തീരങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന മത്തി, അയല, കിളിമീൻ എന്നിവയുടെ വില മൂന്നൂറിനു മുകളിൽ. കൊടുംചൂടും കള്ളക്കടൽ പ്രതിഭാസവുമൊക്കെയായി മീനിന്റെ ലഭ്യത കുറഞ്ഞ താണ് വില കൂടാൻ കാരണമായതത്രേ. കൂടാതെ തമിഴ്നാട്ടിൽ ട്രോളിംഗ് ആയതോടെ അവിടെനിന്നുള്ള മീനിന്റെ വരവ് നിലച്ചതും വില വർധിക്കാൻ കാരണമായി.
ബീഫിനും മുൻപതത്തേക്കാളും വില കൂടി. 360 രൂപയായിരു ന്ന ബീഫിന് ഇപ്പോൾ വില 400 . മേയ് 15 മുതൽ വീണ്ടും വർധിപ്പിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മീനും ഇറച്ചിയുമെല്ലാം ഒഴിവാക്കി പച്ചക്കറിയാക്കാമെന്നു വിചാരിച്ചാൽ അതിനും തീ വില. പാവയ്ക്ക, ബീൻസ്, കാരറ്റ്, ബീറ്റ്റൂട്ട്, പയർ, പടവലം ,കാ ബേജ് എന്നിവയ്ക്കെല്ലാം വില വർധിച്ചു.ഇവയ്ക്കെല്ലാം 20 മുതൽ 50 രൂപ വരെയാണ് വില വർധന. ഇവയുടെ വില ഇനിയും വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഒരു നേരം പഴവർഗങ്ങൾ കഴിച്ച് മുന്നോട്ടു പോകാം എന്നു വിചാരിച്ചാലും നടക്കില്ല.എല്ലാത്തരം പഴവർഗങ്ങൾക്കും തീവിലയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ അടുക്കള പുകയാൻ ഏറെ പണിപ്പെടേണ്ടിവരും.