മലപ്പുറം: അങ്കണവാടികളിൽ കുട്ടികൾക്കു നൽകിയിരുന്ന കഞ്ഞിയും പയറുമെല്ലാം പഴങ്കഥയാവുകയാണ്. ചെലവ് വർധനവില്ലാതെ വൈവിധ്യവും ആകർഷകവും സന്പൂർണ പോഷണവും ഉൾക്കൊള്ളിച്ച് സ്മാർട്ട് ഡയറ്റ് ഒരുക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഐസിഡിഎസ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രീസ്കൂൾ കുട്ടികൾ തുടങ്ങിയവർക്കാണ് പദ്ധതിയൊരുങ്ങുന്നത്. ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ ഐസിഡിഎസ് ഗുണഭോക്താക്കൾക്കു നൽകി വരുന്ന ഭക്ഷണം പരിഷ്കരിക്കുന്നതിനായി ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
’സ്മാർട്ട് ഡയറ്റ്’ എന്ന പേരിൽ കുഞ്ഞുങ്ങൾക്ക് രാവിലെയും ഉച്ചക്കും വൈകീട്ടും സുരക്ഷിത ഭക്ഷണം സന്പൂർണ പോഷണം എന്ന രീതിയിൽ നൽകാനാണ് പദ്ധതി. രാവിലെ റാഗി അല്ലെങ്കിൽ അരി പൊടിയിൽ പാകം ചെയ്ത അട, ഇഡലിയും സാന്പാറും, നൂൽപുട്ട്, വെജ് പുലാവ്, അരി പുട്ട് തുടങ്ങിയവയ്ക്കൊപ്പം വൈവിധ്യമാർന്ന കറികളും ഉച്ചക്ക് വെജിറ്റബിൾ ബിരിയാണി, എഗ് ഫ്രെയ്ഡ് റൈസ്,സദ്യ, കാഷ്മീരി പുലാവ് അതിനോടൊപ്പം ജ്യൂസും നൽകും.
വൈകീട്ട് പായസം തുടങ്ങി രുചിയേറിയ സ്നാക്ക്സും അങ്കണവാടികളിൽ ഒരുക്കും. തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസങ്ങളിലും വ്യത്യസ്തമായ മെനുവാണ് ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ വഴി വീടുകളിലെ അടുക്കളത്തോട്ടങ്ങളിൽ ഉണ്ടാക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, മുട്ട, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്യുക.
ഗർഭിണികളിലും പാലൂട്ടുന്ന അമ്മമാരിലും കണ്ടുവരുന്ന വിളർച്ച, പോഷകഹാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി നിലവിൽ നൽകി വരുന്ന ധാന്യങ്ങൾക്കു പകരം പുതിയ ഭക്ഷ്യമിശ്രിതം തയാറാക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സുരക്ഷിതമായ പാക്കിംഗ് സംവിധാനത്തോടെ റെഡിടുമിക്സ് പൗഡർ രൂപത്തിലാണ് അങ്കണവാടികളിലൂടെ നൽകുക.
പദ്ധതി ഫെബ്രുവരി ഒന്നു മുതൽ പ്രാഥമികമായി മലപ്പുറം നഗരസഭയിലെ പത്ത് അങ്കണവാടികളിൽ നടപ്പാക്കും. ഇതിന് മുന്നോടിയായി ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മൂന്നു മുതൽ ആറു വയസു വരെയുള്ള കുട്ടികൾ തുടങ്ങിയവരുടെ പോഷണനിലവാരത്തെക്കുറിച്ച് പഠനം നടത്തും. തുടർന്നു ഏപ്രിലോടു കൂടി ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും പരിഷ്കരിച്ച ഭക്ഷണക്രമം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.