തൊടുപുഴ: കഞ്ചാവു മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെതുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. വീടുകയറി ആക്രമണവും ഇതെ തുടർന്നുണ്ടായ പകയുമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്.
കാളിയാർ ചെറുതോട്ടിൻ കരയിലാണ് സംഭവം. കാളിയാർ പോലീസിനാണ് പരാതി ലഭിച്ചതെങ്കിലും സംഭവം നടന്നത് കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇവിടെ നിന്നുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കോടിക്കുളം വണ്ടമറ്റം കീഴാപുരയ്ക്കൽ അരുണി (19)നെയാണ് കഴിഞ്ഞ 17ന് ഗുണ്ടാം സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ കാളിയാർ ചെറുതോട്ടിൻകര സ്വദേശികളായ കയറ്റിയാനിയ്ക്കൽ അഖിൽ (24), ചക്കുങ്കൽ ശ്രീനാഥ് (22), വാഴയ്ക്കാതടത്തിൽ അഖിൽ (24), കാരിക്കുന്നേൽ ശ്യാം (28), നെടുമായിൽ ആനന്ദ് (21) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്.
അരുണിന്റെ പിതാവാണ് മകനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയതായി കാളിയാർ പോലീസിൽ പരാതി നൽകിയത്. അരുണിന്റെ സഹോദരനും സംഘവും ചെറുതോട്ടിൻകരയിലുള്ള ചില വീടുകൾക്കു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു.
കല്ലും ബിയർകുപ്പികളും എറിഞ്ഞ് വീടു തകർക്കുകയും വാഹനങ്ങളുടെ ചില്ല് എറിഞ്ഞു പൊട്ടിയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ കാളിയാർ പോലീസിൽ കേസ് നിലവിലുണ്ട്. ഈ സംഭവത്തിനു ശേഷം അരുണിന്റെ സഹോദരനെ തേടി ഗുണ്ടാ സംഘം നെയ്യശേരിയിലെ വീട്ടിലെത്തി.
ഇയാൾ സ്ഥലത്തില്ലാതിരുന്നതിനാൽ അരുണിനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. മർദിച്ചതിനു ശേഷം ഇയാളെ ഉപേക്ഷിച്ചു സ്ഥലം വിട്ടു.
കാളിയാർ പോലീസിനു ലഭിച്ച പരാതി കരിമണ്ണൂർ പോലീസിനു കൈമാറിയതോടെ ഇവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്.
ചെറുതോട്ടിൻകര കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും കഞ്ചാവ് വിൽപ്പനയും നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇരു കൂട്ടരുമെന്ന് പോലീസ് പറഞ്ഞു.
അരുണിനും സഹോദരനുമെതിരെ ഇതിനു മുൻപും കാളിയാർ പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.