കാഞ്ഞൂർ: കാഞ്ഞൂർ പള്ളിയുടെ ചരിത്രം ചുമർ ചിത്രത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഒരു ചുമർ ചിത്ര കലാകാരൻ. മേലൂർ സ്വദേശിയായ അലക്സ് വർഗീസാണ് കേരളീയ ചുമർ ചിത്രശൈലിയിൽ കാഞ്ഞൂർ പള്ളിയുടെ ചരിത്രം ഒരുക്കുന്നത്. പത്തടി നീളവും വീതിയുമുള്ള ഒരു കാൻവാസിലാണ് ചിത്രം വരയ്ക്കുന്നത്.
അഞ്ചു അക്രിലിക് നിറങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ശക്തൻ തന്പുരാൻ പള്ളിയ്ക്കു ദാനമായി ആനവിളക്ക് നൽകുന്നതും ടിപ്പു സുൽത്താൻ പള്ളി ആക്രമിക്കുവാനായി പട നയിക്കുന്നതുമുൾപ്പടെയുള്ള ചരിത്രപ്രാധാന്യമുള്ളതെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ കാഞ്ഞൂർ പുണ്യവാന്റെ അത്ഭുത തിരുസ്വരൂപവും ഇതിൽ മനോഹരമായി വരച്ചിരിക്കുന്നു.
മൂന്നു മാസത്തെ പ്രയത്നമാണ് ഇതിനു പുറകിലുള്ളത്. കഴിഞ്ഞ ദിവസം അവസാന മിനുക്കുപണികൾക്കായി ചുമർചിത്രം കാഞ്ഞൂർ പള്ളിയിലെത്തിച്ചു. കാഞ്ഞൂർ ഫൊറോന വികാരി ഫാ.ജോസഫ് കണിയാംപറന്പിൽ, കൈക്കാരൻമാരായ ജോയി ഇടശേരി, ഡേവീസ് വരേക്കുളം, കമ്മിറ്റി ഭാരവാഹികൾ എന്നിവരെ സമീപിച്ച് പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ചുമർചിത്രം വരയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ അവർ പൂർണസമ്മതം നൽകിയതായും അലക്സ് വർഗീസ് പറഞ്ഞു.
ചരിത്ര പുസ്തകം വായിച്ച് അത് ഭാവനയിലൂടെ ചിത്രരൂപത്തിലാക്കിയാണ് ചുമർചിത്രം തായാറാക്കിയിരിക്കുന്നതെന്ന് ഫൊറോന വികാരി പറഞ്ഞു. കാലടി സംസ്കൃത സർവകലാശാലയിൽ നാലു വർഷത്തെ ചുമർചിത്രം പഠനം പൂർത്തിയാക്കിയ അലക്സ് ഇതിനോടകം തന്നെ നാനൂറോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൂടാതെ പഠിക്കാൻ താത്പര്യമുള്ളവർക്കായി ചുമർചിത്ര ക്ലാസുകളും നടത്തുന്നുണ്ട്. കുറച്ച് ദിവസത്തെ അവസാന മിനുക്കുപണികൾക്കുശേഷം ചുമർചിത്രം ജനങ്ങൾക്ക് കാണുന്നതിനായി കാഞ്ഞൂർ പള്ളിയിൽ പ്രദർശിപ്പിക്കും.