ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് നടൻ നാഗചൈതന്യയും സാമന്ത അക്കിനേനിയും വിവാഹമോചിതരായത്. വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ സാമന്തയെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയ താരമാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്.
നാഗചൈതന്യയെ ഒന്നിനും കൊള്ളത്താവൻ എന്ന് വിശേഷിപ്പിച്ച് സാമന്തയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന തരത്തിലുള്ള കുറിപ്പാണ് അന്ന് കങ്കണ പങ്കുവച്ചത്. കൂടാതെ നാഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തിന് കാരണം ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ ഒരു നടനാണെന്നും താരം കുറ്റപ്പെടുത്തിയിരുന്നു.
വിവാഹമോചനത്തിന് കാരണം പുരുഷന്മാരാണെന്നും അവർ വേട്ടക്കാരും സ്ത്രീകൾ പരിപാലിക്കുന്നവരാണെന്നും കങ്കണ കുറിച്ചിരുന്നു. കൂടാതെ വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുതെന്നും അവർ പറഞ്ഞിരുന്നു.
അന്ന് കങ്കണയുടെ പോസ്റ്റ് വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു.കങ്കണയുടെ ഈ പോസ്റ്റിന് സാമന്തയോ നാഗചൈതന്യയോ മറുപടി നൽകിയിരുന്നില്ല. അടുത്തിടെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിരൂപമാണ് സാമന്തയെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു.
ഇപ്പോൾ വിവാഹമോചനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി കങ്കണയുടെ ഒരു സോഷ്യൽമീഡിയ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുകയാണ് സാമന്ത. കങ്കണയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ധാക്കഡിലെ വിവിധ ലുക്കുകൾ പങ്കുവച്ചുള്ള കങ്കണയുടെ സോഷ്യൽമീഡിയ പോസ്റ്റിനാണ് സാമന്ത കമന്റ് ചെയ്തിരിക്കുന്നത്.
ലൈക്കും തീയുടെ ഇമോജിയുമാണ് കങ്കണയുടെ പോസ്റ്റിന് കമന്റായി സാമന്ത നൽകിയത്. ധാക്കഡ് റിലീസിനായി കാത്തിരിക്കുന്നുവെന്ന സൂചന കൂടിയാണ് സാമന്തയുടെ കമന്റ് വ്യക്തമാക്കുന്നത്.
നാഗചൈതന്യയെ കുറിച്ച് കങ്കണ മോശമായി അഭിപ്രായപ്പെട്ടിട്ടും കങ്കണയോട് സാമന്തയ്ക്ക് അഭിപ്രായ വ്യത്യാസമില്ലായെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇരുവരും തമ്മിൽ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും ഇതിൽ നിന്നു വ്യക്തമാണ്.
വിവാഹമോചനത്തിനു ശേഷം സാമന്ത പുതിയ സിനിമകളുടെ ചിത്രീകരണവും മറ്റ് ജോലികളുമായി തിരക്കിലാണ്. വിജയദശമി ദിനത്തിൽ സാമന്തയുടെ രണ്ട് പുതിയ സിനിമകൾ കൂടി പ്രഖ്യാപിച്ചിരുന്നു.