തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ തലൈവി റിലീസിനൊരുങ്ങുമ്പോള്‍ ചില മള്‍ട്ടിപ്ലക്സുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറാകുന്നില്ലെന്ന പരാതിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.
മള്ട്ടിപ്ലക്സുകള്ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായാണ് നടി രംഗത്തെത്തിയത്. സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ മള്‍ട്ടിപ്ലസുകള്‍ക്ക് വേറെ നിയമമാണെന്ന് അവര്‍ ആരോപിച്ചു. സല്മാന് ഖാന്റെയും വിജയ്യുടേയും സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് കങ്കണ ഫേസ്ബുക്കില്‍ കുറിച്ചു.
മുന്‍നിര നടന്മാര് എത്തുമ്പോള്‍ മള്‍ട്ടിപ്ലക്സിന് വേറെ നിയമമാണ്. അവര്‍ രാധെ സിനിമ ഒടിടിയിലും തിയറ്ററിലും ഒന്നിച്ച് റിലീസ് ചെയ്തു. മാസ്റ്റര്‍ രണ്ട് ആഴ്ചയിലേക്കാണ് റിലീസ് ചെയ്ത്. ഹോളിവുഡ് ചിത്രങ്ങളും ഒടിടിക്കൊപ്പം അവര്‍ തിയറ്ററിലെത്തിക്കും.
എന്നാല്‍ ദക്ഷിണേന്ത്യയില്‍ നാലാഴ്ചത്തെ സമയമുണ്ടായിട്ടും തലൈവി റിലീസ് ചെയ്യാന്‍ തിയറ്ററുകള്‍ തയാറാവുന്നില്ല. സ്ത്രീകള്‍ വളരരുത് എന്നുറപ്പിക്കുന്ന സിസ്റ്റമാണിത്.അവര്‍ തന്നെ പുരുഷന്മാരെപ്പോലെ സ്ത്രീ സൂപ്പര്‍ സ്റ്റാറുകള്‍ കാണികളെ തിയറ്ററുകളില്‍ എത്തിക്കാത്തതിനെക്കുറിച്ച് പരാതിയും പറയുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം പിന്തുണയ്ക്കുകയാണ് വേണ്ടത്. അല്ലാതെ കൈയാങ്കളി നടത്തരുത്. ഹിന്ദിയില്‍ രണ്ട് ആഴ്ചത്തെ തിയറ്റര്‍ റിലീസാണുള്ളത്. എന്നാല്‍ മള്‍ട്ടിപ്ലക്സുകള്‍ ഒത്തുകൂടി ദക്ഷിണേന്ത്യയിലെ റിലീസും തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ക്രൂരവും അനീതിയുമാണ്- കങ്കണ കുറിച്ചു.