ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനുമായ പഹലജ് നിഹലാനി. ബുദ്ധിമുട്ടിലായിരുന്നപ്പോള്‍ താനെത്ര മാത്രം സഹായിച്ചിട്ടുണ്ടെന്ന് കങ്കണ മറന്നു. വിവാദ ഫോട്ടോഷൂട്ടിന്റെ സമയത്ത് താന്‍ ലൊക്കേഷനില്‍ ഇല്ലായിരുന്നുവെന്നും നിഹലാനി പറഞ്ഞു. അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കങ്കണ നിഹലാനിക്കെതിരെ ഉന്നയിച്ച ആരോപണം.
ആ സിനിമയിലെ കഥാപാത്രത്തെ സോഫ്റ്റ് പോണ് കഥാപാത്രം എന്നാണ് കങ്കണ ഇപ്പോള്‍ പറയുന്നത്. പക്ഷേ അന്ന് ആ കഥാപാത്രം ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിച്ചത് കങ്കണ ഓര്‍ക്കുന്നുണ്ടോ? ആ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് എന്നോട് അപേക്ഷിച്ചത് ഓര്‍ക്കുന്നുണ്ടോ? അക്കാലത്ത് ആദിത്യ പാഞ്ചോലിക്കൊപ്പം ഓരോ നിര്‍മാതാവിനടുത്തും ഒരവസരത്തിനായി അപേക്ഷിച്ച് ഓടിനടന്നിട്ടുണ്ട് കങ്കണ. പക്ഷേ ആരും അവര്‍ക്ക് അവസരം നല്‍കിയില്ല. പലരും അരുതെന്ന് വിലക്കിയിട്ടും ഞാന്‍ മാത്രമാണ് അതിന് തയ്യാറായത്.
മൂന്ന് ചിത്രങ്ങള്‍ എനിക്കൊപ്പം ചെയ്യാമെന്ന കരാറില്‍ കങ്കണ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ അനുരാഗ് ബസുവിനൊപ്പം ഒരു ചിത്രം ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അവരെ കോണ്ട്രാക്ടില് നിന്നും ഒഴിവാക്കി കൊടുത്തു. അവര്‍ അതിനെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിച്ചു കേട്ടിട്ടുണ്ടോ? പാസ്സ്പോര്‍ട്ടില്‍ മുംബൈയിലെ തെറ്റായ അഡ്രസ്സ് നല്കി വലിയ കുഴപ്പത്തിലായതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടോ? പാസ്സ്പോര്‍ട്ടില്‍ തെറ്റായ മേല്‍വിലാസം നല്‍കുന്നത് വലിയ ക്രിമിനല്‍ കുറ്റമാണ്. അന്ന് അവക്ക് ജാമ്യം എടുക്കാനും ആ പ്രശ്നത്തില്‍ നിന്നും ഒഴിവാക്കാനും ഓടി നടന്നത് ഞാനാണ്.
ഐ ലവ് യൂ ബോസ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ആ സമയം ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. കങ്കണയുടെ അപ്പോഴത്തെ സെക്രട്ടറി രാകേഷ് നാഥിനൊപ്പമാണ് അവര്‍ ഫോട്ടോഷൂട്ടിനെത്തിയത്. അതുകൊണ്ട് ഫോട്ടോഷൂട്ടിന് കങ്കണ ധരിച്ച വസ്ത്രമോ ധരിക്കാത്ത വസ്ത്രമോ ഒന്നും നിശ്ചയിച്ചത് ഞാനല്ല. ഒരു ചെറുപ്പക്കാരിക്ക് മേലുദ്യോഗസ്ഥനോട് തോന്നുന്ന പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം.