മാവേലിക്കര: വൈകല്യത്തെ തോൽപിച്ച് ഉയരങ്ങൾ കീഴടക്കുന്ന കേരളക്കരയുടെ കണ്മണിയ്ക്ക് ഭാരതത്തിന്റെ അംഗീകാരം. ഭിന്നശേഷിയുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ സംഗമമായ ദിവ്യകലാശക്തി പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് കണ്മണി പങ്കെടുത്തത്. ഡൽഹി പാർലമെന്റ് ഓഡിറ്റോറിയത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കുട്ടികൾക്ക് ഒപ്പം ഭക്ഷണം കഴിച്ചശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. ജ·നാ രണ്ടു കൈകളും ഇല്ലാത്ത കണ്മണിക്ക് രാഷ്ട്രപതി ഭക്ഷണം വാരി നല്കിയത് കണ്മണിയ്ക്ക് അവിസ്മരണീയ അനുഭവമായി. നൂറ്റന്പതിലധികം വേദികളിൽ കച്ചേരി അവതരിപ്പിച്ച കണ്മണി സംസ്ഥാന കലോത്സവത്തിൽ നിരവധി വർഷങ്ങളായി താരമാണ്.
കണ്മണി കാലു കൊണ്ട് വരച്ച രാഷ്ട്രപതിയുടെ ചിത്രം നേരത്തെ അദ്ദേഹത്തിന് കൈമാറിയിരുന്നു.ഡൽഹി ഐപിഎച്ച് ഓഫീസിൽ കണ്മണി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ ബിഎ മ്യൂസിക് വിദ്യാർഥിനിയാണ് ഇപ്പോൾ കണ്മണി. മാവേലിക്കര അറനൂറ്റിമംഗലം അഷ്ടപദിയിൽ ശശികുമാറിന്റെയും രേഖയുടെയും മകളാണ്.