മാവേലിക്കര: ശാരീരിക പരിമിതികൾക്കു മുന്നിലും പത്താംക്ലാസ് പരീക്ഷയിൽ താമരക്കുളം വിവിഎച്ച്എസ്എസിലെ കണ്മണി ശശികുമാർ വാരിക്കൂട്ടിയത് ഒന്പത് എ പ്ലസുകൾ. ജന്മനാ രണ്ടു കൈകളും ഇല്ലാത്ത കണ്മണി കാലുകൾ കൊണ്ടാണു പരീക്ഷ എഴുതിയത്.
വിജയം കരസ്ഥമാക്കാൻ തന്നെ പ്രാപ്തയാക്കിയത് താമരക്കുളം വിവിഎച്ച്എസ്എസിലെ അധ്യാപകരാണെന്നും കണ്മണി പറയുന്നു. ഇനി കൊമേഴ്സ് എടുത്ത് പഠിക്കണമെന്നും ഭാവിയിൽ ഒരു അധ്യാപിക ആകണമെന്നുമാണു കണ്മണിയുടെ ആഗ്രഹം. ഇതിനായി തീവ്രശ്രമം തന്നെ നടത്തുമെന്നു കണ്മണി പറഞ്ഞു. ഒന്പത് എ പ്ലസുകളും ഒരു ബിപ്ലസുമാണു കണ്മണിക്കു ലഭിച്ചത്.
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ അഷ്ടപദിയിലും, ഗാനാലാപനത്തിലും ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തിൽ മൂന്നാം സ്ഥാനവും ജില്ലാ കലോത്സവത്തിൽ ചിത്രരചനയിൽ മൂന്നാം സ്ഥാനവും കണ്മണി കരസ്ഥമാക്കിയിരുന്നു. അറനൂറ്റിമംഗലം അഷ്ടപതിയിൽ ശശികുമാർ-രേഖ ദന്പതികളുടെ മകളാണ് കണ്മണി.സഹോദരൻ മണികണ്ഠൻ.