മംഗളൂരു: പാര്‍ട്ടി ജില്ലാ ആസ്ഥാനത്തേക്കുള്ള പടികളുടെ എണ്ണവും തെരഞ്ഞെടുപ്പ് വിജയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ..? ഉ
ണ്ടെന്നാണ് കര്‍ണാടകയിലെ ഒരു വാസ്തുജ്യോതിഷിയുടെ പക്ഷം. എന്നാല്‍, പിന്നെ ഇനി വാസ്തുദോഷം കൊണ്ടുകൂടി തെരഞ്ഞെടുപ്പ് തോല്ക്കേണ്ടെന്നു കരുതി ഓഫീസ് കെട്ടിടത്തിന് പുതുതായി ഒരു പടികൂടി നിര്‍മിച്ചിരിക്കുകയാണ് ദക്ഷിണ കന്നഡ ഡിസിസി.
ഡിസിസി ഓഫീസിലേക്ക് കയറിച്ചെല്ലാന്‍ എട്ട് പടികളാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത് വാസ്തുശാസ്ത്രപരമായി ദോഷമാണെന്നും പടികളുടെ എണ്ണം ഒറ്റ സംഖ്യയാകുന്നതാണ് ശുഭകരമെന്നുമായിരുന്നു ജ്യോതിഷിയുടെ നിര്‍ദേശം.
ഇതോടെ ഏറ്റവും താഴെയായി ഒരു പടി കൂടി നിര്‍മിച്ച് എണ്ണം ഒന്പതാക്കുകയായിരുന്നു.ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും എട്ടാണെന്നതാണ് രസകരമായ കാര്യം.
അത് മാറ്റണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ വിചാരിക്കണമല്ലോ. കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉറച്ച കോട്ടയായ മംഗളൂരു മണ്ഡലത്തില്‍ മാത്രമാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് ജയിച്ചത്.
ബാക്കിയുള്ള പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസത്തിലധികം ശേഷിക്കേ കാലേക്കൂട്ടി പ്രവര്‍ത്തനം ശക്തമാക്കുന്നതിനൊപ്പമാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യപ്രകാരം വാസ്തുദോഷവും മാറ്റാനുറച്ചത്.