ബംഗളൂരു: കര്‍ണാടകയില്‍ താമസിക്കുന്ന എല്ലാവരും കന്നഡ സംസാരിക്കാന്‍ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് കന്നഡ ഒഴിച്ചുകൂടാനാവാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്.
നമ്മള് മറ്റ് ഭാഷകളെ സ്നേഹിക്കണം. പക്ഷേ സ്വന്തം ഭാഷ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. മൈസൂരു സംസ്ഥാനം കര്‍ണാടക എന്ന് പുനര്‍നാമകരണം ചെയ്തതിന്റെ 50-ാം വര്‍ഷത്തോടനുബന്ധിച്ച് കന്നഡ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.
കര്‍ണാടകയില്‍ താമസിക്കുന്ന കന്നട സംസാരിക്കാത്തവരെ ഭാഷ പഠിക്കാന്‍ സഹായിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. “നമ്മളെല്ലാം കന്നഡക്കാരാണ്. കര്‍ണാടകയുടെ ഏകീകരണത്തിനുശേഷം വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്.
കന്നഡക്കാര്‍ നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പകരം അവരുടെ ഭാഷയാണ് നമ്മള് ആദ്യം പഠിക്കുന്നത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ കന്നഡ സംസാരിക്കാറില്ല. ഇത് സംഭവിക്കുന്നത് കന്നഡക്കാരുടെ ഔദാര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.