മയ്യിൽ: കണ്ണാടിപ്പറന്പ് കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരവും വിളക്കും ഉരുളിയും കിണ്ടിയുമാണ് മോഷ്ടിച്ചത്.
പുല്ലൂപ്പിയിൽ താമസിക്കുന്ന പട്ടാന്പി സ്വദേശി സുദേവൻ (59), 17 വയസുകാരൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ മയ്യിൽ പോലീസ് പ്രചരിപ്പിച്ചിരുന്നു.
ഇന്നലെ രാത്രി കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയുടെ വീട്ടിൽ വെള്ളം ചോദിച്ച് രണ്ട് അപരിചിതർ എത്തുകയായിരുന്നു. സംശയം തോന്നിയ പൂജാരി സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു.
അവരെത്തി ഇവരെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് മയ്യിൽ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കവർച്ചകാരാണെന്ന് മനസിലായത്.