കുമരകം: കണ്ണാടിച്ചാൽ – നാരകത്ര റോഡിൽ കൊല്ലകരി പാടത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് തോട്ടിൽ വീണു. ഇതോടെ നെല്ല് നീക്കം പ്രതിസന്ധിയിലായി.
വെളിയം, പാറേക്കാട്, എംഎം ബ്ലോക്ക് തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ച് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന റോഡാണ് തകർന്നിരിക്കുന്നത്. ഇപ്പോൾ ചെറിയ വാഹനങ്ങളിൽ നെല്ലു കയറ്റിവന്ന് കണ്ണാടിച്ചാൽ പാലത്തിന് സമീപത്ത് വച്ച് വലിയ ലോറികളിൽ കയറ്റിയാണ് നെല്ലു നീക്കം നടത്തുന്നത്
. ഇതു വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. റോഡരികിൽ കരിങ്കൽ കെട്ടി നിർമിക്കുന്ന സംരക്ഷണ ഭിത്തി തകർന്നടിയുന്നത് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.
പാടശേഖരങ്ങളുടെ പുറംബണ്ട് കരിങ്കൽ കെട്ടി ടാർ ചെയ്ത് നിർമിക്കുന്ന റോഡുകളിൽ ഭൂരിഭാഗവും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ആഴ്ച ഇല്ലിക്കൽ – തിരുവാർപ്പ് റോഡിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് മീനച്ചിലാറ്റിൽ പതിച്ചത് നെല്ലുസംഭരഞത്തെ സാരമായി ബാധിച്ചിരുന്നു. കൊയ്ത്തും നെല്ലുസംഭരണവും നടന്നുകൊണ്ടിരിക്കുന്നതിനാൽ റോഡിന്റെ ഇടിഞ്ഞ ഭാഗം ഉടൻ ബലപ്പെടുത്തി നിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.