ആദിവാസികൾ നെയ്തെടുക്കുന്ന പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത കണ്ണാടിപ്പായയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്മണി പാലപ്ലാവ് ആദിവാസി കോളനിയിലെ ഊരാളി വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് കണ്ണാടിപ്പായ നെയ്തെടുക്കുന്നത്. ജില്ലയിലേക്ക് ഭൗമസൂചിക പദവിയെത്തുന്നത് ഇതു രണ്ടാംതവണയാണ്.
കഴിഞ്ഞവർഷം വട്ടവട വെളുത്തുള്ളിക്കും ഭൗമസൂചിക പദവി ലഭിച്ചിരുന്നു. കേരളത്തിലെ ആദിവാസി വിഭാഗത്തിന് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. പാലപ്ലാവ് ആദിവാസി കോളനിയിൽ നൂറോളം ഉൗരാളി കുടുംബങ്ങളാണുള്ളത്. ഇതിൽ അറുപതോളം കുടുംബങ്ങളിൽ കണ്ണാടിപ്പായ നെയ്യുന്നുണ്ട്.
ഇവരുടെ കുലത്തൊഴിലായ കണ്ണാടിപ്പായനിർമാണം ഉൗരാളി കുടുംബങ്ങളിൽപ്പെട്ട പ്രായമായ സ്ത്രീകൾ മാത്രമെ ഇവിടെ ചെയ്യുന്നുള്ളൂ.
വനത്തിൽനിന്ന് പ്രത്യേകയിനം ഈറ്റ കൊണ്ടുവന്നാണ് കണ്ണാടിപ്പായ നെയ്യുന്നത്. പഴയ കാലത്ത് രാജാവിനെ മുഖം കാണിക്കാൻ ചെല്ലുന്പോൾ ആദിവാസികൾ കാണിക്കയായി സമർപ്പിച്ചിരുന്നത് കണ്ണാടി പ്പായയായിരുന്നു. ഏറെ മിനുസമുള്ളതും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുമായതിനാലാണ് ഇതിനെ കണ്ണാടിപ്പായ എന്നു വിളിക്കുന്നത്.
ആറടി നീളവും നാലടി വീതിയുമുള്ളതാണ് ഒരു പായ. ഒരു പായ നെയ്തെടുക്കാൻ ഒരുമാസം വേണ്ടി വരും. 25,000 രൂപ മുതൽ 30,000 രൂപ വരെ ഒരു പായയ്ക്ക് വില ലഭിക്കും. ഏറെ ക്ഷമയും സൂക്ഷ്മതയും ആവശ്യമുള്ള തൊഴിലാണിത്. പ്രായം ചെന്നവർക്കേ ഇതു നെയ്തു പരിചയമുള്ളൂ. പരിശീലനം നൽകി പ്രോൽസാഹിപ്പിക്കാൻ അധികൃതർ തയാറാകാത്തതിനാൽ ഇപ്പോഴത്തെ തലമുറയ്ക്ക് പായ നെയ്യുന്നതിൽ പ്രാവീണ്യവുമില്ല.
പ്രായമായവർ നാടുനീങ്ങുന്നതോടെ കണ്ണാടിപ്പായയും വിസ്മൃതിയിലാകുമെന്ന ആശങ്കയുമുണ്ട്. ഒരു കണ്ണാടിപ്പായ 10 വർഷം വരെ കേടുകൂടാതെയിരിക്കും. വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരുടെയടക്കം കഴിഞ്ഞ ഒരു വർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് കഞ്ഞിക്കുഴിയിലെ ആദിവാസികൾ നെയ്തെടുക്കുന്ന കണ്ണാടിപ്പായയ്ക്ക് ഭൗമസൂചികാ പദവി ലഭിക്കുന്നത്.