സെബി മാത്യു
ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നൽകുന്നതിന്റെ ചെലവ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടുത്ത ബിജെപി അനുകൂലിയാണ് അവർ.
വിദ്വേഷ പരാർമശങ്ങൾ നടത്തി വിവാദങ്ങളിൽ ഇടം പിടിക്കുന്ന കങ്കണയ്ക്ക് കഴിഞ്ഞ ദിവസം മധ്യപ്രദേശിലും ഭീഷണിയുടെ പേരിൽ സുരക്ഷ ഇരട്ടിയാക്കിയിരുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന റിലയൻസ് ഉടമ മുകേഷ് അംബാനി പ്രതിമാസം സർക്കാരിലേക്ക് 15 ലക്ഷം രൂപയാണ് നൽകിയിരുന്നത്.
രാജ്യത്ത് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആദ്യ സ്വകാര്യ വ്യക്തിയായിരുന്നു മുകേഷ് അംബാനി.
സുശീൽ കുമാർ ഷിൻഡെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മുകേഷ് അംബാനിക്കു വിഐപി സുരക്ഷ നൽകാൻ ഇറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ റിലയൻസ് ഉടമ പകരം പണം നൽകണമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ, കങ്കണയ്ക്കു വൈ കാറ്റഗറി സുരക്ഷ നൽകുന്നതിൽ ഇത്തരത്തിൽ സർക്കാരിലേക്കു പണം നൽകുന്നുണ്ടോ എന്നോ അതോ കേന്ദ്രം സൗജന്യമായി നൽകുന്നതാണോ എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെയും സുരക്ഷ വെട്ടിക്കുറച്ചിരുന്നു.
ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തെ അപഹസിച്ച് കങ്കണ ഇട്ട ട്വീറ്റുകൾ അടുത്തയിടെ ട്വിറ്റർ തന്നെ ഡിലീറ്റ് ചെയ്തിരുന്നു.
ട്വിറ്ററിൽ കർഷകരെ അപമാനിച്ച കങ്കണ മാപ്പു പറഞ്ഞില്ലെങ്കിൽ മധ്യപ്രദേശിൽ താരത്തിന്റെ ഷൂട്ടിംഗ് നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന കോണ്ഗ്രസ് നേതാക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
മധ്യപ്രദേശിലെ ബേത്തൂൾ ജില്ലയിലെ സരുണിയിലായിരുന്നു ധക്കഡ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്.
സരുണിയിൽ ഇന്നലെ ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് കങ്കണയ്ക്ക് ഷൂട്ടിംഗ് സ്ഥലത്തും താമസിച്ചിരുന്ന റിസോർട്ടിലും ഒരുക്കിയിരുന്നത്.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നേരിട്ട് ബേത്തൂൾ പോലീസ് സൂപ്രണ്ട് സിംല പ്രസാദിനെ നിർദേശം നൽകിയാണ് കങ്കണയ്ക്കു സുരക്ഷ സന്നാഹം ഒരുക്കിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുമായി ട്വിറ്ററിലൂടെ നടത്തിയ വാക്പയറ്റിനിടെയാണ് ഹിമാചൽ പ്രദേശ് സ്വദേശിയായ നടി കങ്കണ റാവത്ത് വീട്ടിലിരിക്കുന്ന സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി നൽകിയത്.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെ തുടർന്ന് ബോളിവുഡിൽ ഉയർന്ന മയക്കു മരുന്ന് വിവാദത്തിനിടെയാണ് വിവാദ പരാർമശങ്ങൾ നടത്തി കങ്കണ റാവത്ത് മുംബയ് നഗരത്തെ അടച്ചാക്ഷേപിച്ച് ഭീഷണി നേരിട്ടത്.
മഹരാഷ്ട്ര സർക്കാരിനും പോലീസിനും എതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച കങ്കണ മുംബൈയിയെ അധിനിവേശ കാഷ്മീർ എന്നു വിശേഷിപ്പിച്ചതാണ് നടിക്കെതിരായ ഭീഷണി ഉയരാൻ ഇടയാക്കിയത്.
ഇതേ തുടർന്നാണ് കങ്കണയ്ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഒരുക്കി നൽകിയത്.
എന്നാൽ, കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാൻ എന്തു ചെലവ് വരുമെന്ന് വിവരാകാശ പ്രവർത്തകൻ രോഹിത് ചൗധരിയുടെ ചോദ്യത്തിന് അക്കാര്യം കണക്കു കൂട്ടിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്.
കങ്കണ ഉൾപ്പടെ ഇത്തരത്തിൽ മറ്റു പലർക്കും നൽകിയിരിക്കുന്ന സുരക്ഷയുടെ കണക്കുകളും കൃത്യമായി പറയാൻ സാധിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
24 മണിക്കൂറും 11-12 സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പു നൽകുന്ന സുരക്ഷ സംവിധാനമാണ് വൈ കാറ്റഗറി സുരക്ഷ. സിർആപിഎഫ് ഭടൻമാരെയാണ് കങ്കണയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
സുരക്ഷ ഉദ്യോഗസ്ഥസുടെ ശന്പളം, അലവൻസുകൾ, വാഹനം, കമ്യൂണിക്കേഷൻ തുടങ്ങിയ വ്യത്യസ്ത സുരക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
സുരക്ഷയുള്ള വിഐപികൾ സന്ദർശനം നടത്തുന്ന വേളയിൽ സംസ്ഥാന സർക്കാരും ഒരു വിഭാഗം സുരക്ഷ ചെലവ് വഹിക്കേണ്ടി വരാറുണ്ട്.
ഇതുൾപ്പടെയുള്ള ചെലവുകൾ തങ്ങളുടെ പക്കലേക്ക് വരാറില്ലെന്നും അതിനാൽ കങ്കണ ഉൾപ്പടെ വിഐപികൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ചെലവ് കൃത്യമായി പറയാനാകില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.