സ്വന്തം ലേഖകൻ
തിരുവില്വാമല: കണ്ണനും ലക്ഷ്മിയും പോകാനൊരുങ്ങിക്കഴിഞ്ഞു. വില്വമലയുടെ താഴ്വാരത്തു നിന്ന് അകലെയല്ലാത്ത എളനാട്ടിലേക്ക്.
തിരുവില്വാമല പഞ്ചായത്തിലെ ഏഴാംവാർഡിൽ വില്വമലയുടേയും പൂതമലയുടേയും ഇടയിൽ സർക്കാർ അനുവദിച്ചു നൽകിയ വനഭൂമിയിൽ കഴിയുന്ന ആദിവാസി കുടുംബമാണ് കണ്ണന്റെയും ലക്ഷ്മിയുടേയും.
രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഈ വനഭൂമിയിൽ നേരത്തെ അഞ്ച് ആദിവാസി കുടുംബങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അവശേഷിക്കുന്നത് ഇവർ മാത്രം.
മറ്റു നാലു കുടുംബങ്ങളും അവരുടെ നാട്ടിലേക്ക് തിരിച്ചുപോയി. അവരുടെ വീടുകൾ ഇപ്പോൾ കാടുപിടിച്ചു കിടക്കുന്നു. വല്ലപ്പോഴും അവർ വന്നു നോക്കുമെന്ന് മാത്രം.
കണ്ണനും ലക്ഷ്മിയും കാടിനു നടുവിൽ കുറച്ച് കൃഷിപണിയും പശുവളർത്തലുമൊക്കെയായാണ് കഴിയുന്നത്. കൂലിപ്പണിക്കും പോകും. നാല് നാടൻ പശുക്കളേയും ഇവർ വളർത്തുന്നുണ്ട്.
കൃഷിയെല്ലാം മുള്ളൻപന്നിയും മയിലും പന്നിയും ചേർന്ന് നശിപ്പിക്കുന്നത് പതിവാണ്. അതിനാൽ വിളവൊന്നും കാര്യമായി കിട്ടാറില്ലെന്ന് കണ്ണൻ പറയുന്നു.
സർക്കാർ വീടു വെച്ച് നൽകിയെങ്കിലും മറ്റ് സൗകര്യങ്ങളൊന്നും ചെയ്തിട്ടില്ല നല്ലൊരു റോഡു പോലും ഇവരുടെ വീട്ടിലേക്കില്ല. വൈദ്യുതിയുണ്ടെന്നതാണ് ഏക ആശ്വാസം.
പുറംലോകത്ത് തെരഞ്ഞെടുപ്പ് കോലാഹലങ്ങൾ പെരുന്പറ മുഴക്കുന്പോൾ അതൊന്നും ഈ കാടിന്റെ മക്കളുടെ വീടുകളിലേക്ക് എത്തുന്നില്ല. താമസം തിരുവില്വാമലയിലാണെങ്കിലും ഇവരുടെ വോട്ട് ചേലക്കര എളനാടാണ്.
എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെങ്കിലും വോട്ടു ചെയ്യുന്നത് മുടക്കാറില്ലെന്ന് കണ്ണനും ലക്ഷ്മിയും പറയുന്നു.
വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനെക്കുറിച്ചൊന്നും ഇവർക്ക് അറിയില്ലെങ്കിലും വോട്ടു മുടക്കില്ലെന്ന് തറപ്പിച്ചു പറയുന്നു ഈ കാടിന്റെ മക്കൾ.
വോട്ടു ചോദിച്ച് ഈ കാട്ടുവഴിയിലേക്ക് സ്ഥാനാർത്ഥികളൊന്നും എത്തിയില്ലെങ്കിലും തങ്ങൾ എളനാട്ടിലെ തിരുമണി കോളനിയിലേക്ക് വോട്ടിന് പോകുമെന്നും വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള കണ്ണൻ പറഞ്ഞു.
തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം. പ്രാരാബ്ധങ്ങൾ മാറ്റി വെച്ച് പോളിംഗ് ബൂത്തിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബം.