കോട്ടയം: ഇന്ധന വില വർധന പ്രധാന പ്രശ്നം തന്നെയാണെന്നു തുറന്നു സമ്മതിച്ചു കാഞ്ഞിരപ്പള്ളി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോണ്‍സ് കണ്ണന്താനം. കാഞ്ഞിരപ്പള്ളിയിലെ പ്രചരണത്തിനിടയിൽ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കവേ സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇതാദ്യമായാണ് ഇന്ധനവില വർധന പ്രധാന പ്രശ്നമാണെന്ന് ഒരു ബിജെപി നേതാവ് സമ്മതിക്കുന്നത്.പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുന്നത് ഞാൻ അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില പ്രശ്നമാണ്.എനിക്കും പ്രശ്നമാണ്, എല്ലാവർക്കും പ്രശ്നമാണ്- കണ്ണന്താനം പറഞ്ഞു.
നേരത്തെ പെട്രോൾ- ഡീസൽ വില കൂട്ടുന്നതു ഭാരതത്തിൽ ശൗചാലയങ്ങൾ നിർമിക്കാനാണെന്ന അൽഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കു കാരണമായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപിയെ വെട്ടിലാക്കുന്നതാണ് കണ്ണന്താനത്തിന്റെ തുറന്നു പറച്ചിൽ.
പാചകവാതക വില വർധനവിനെക്കുറിച്ചും കണ്ണന്താനം പ്രതികരിച്ചു. ഇതൊന്നും പ്രശ്നമല്ലെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുവെന്നും ഞങ്ങൾ പറയുന്നില്ല. അതുകൊണ്ടാണല്ലോ ഇനിയും നമ്മൾ അധികാരത്തിൽ വരണമെന്നു പറയുന്നത്.
കോണ്‍ഗ്രസും മറ്റുള്ളവരുമെല്ലാംകൂടെ ഭരിച്ച് ഇവിടെ എല്ലാം കുളമാക്കി. കുറെ പ്രശ്നങ്ങൾ ഉണ്ടാക്കി. അതു നമുക്കു മൂന്നു വർഷം കൊണ്ടോ അഞ്ചു വർഷം കൊണ്ടോ തീർക്കാവുന്നതല്ല. കുറെ അടിസ്ഥാന പ്രശ്നങ്ങൾക്കും പാവപ്പെട്ടവന്റെ പ്രശ്നങ്ങൾക്കും നമ്മൾ പരിഹാരം കണ്ടു.
ബിസിനസ് തുടങ്ങാനും ജോലികൾക്കുമുള്ള അന്തരീക്ഷം ഇവിടെയുണ്ടാക്കി. ഇനി അടുത്ത ഘട്ടത്തിലേക്കു നമ്മൾ പോകണം.എല്ലാം നമ്മൾ ചെയ്തുതീർത്തിട്ടില്ല. പെട്രോൾ വില വർധന അത്തരത്തിലൊരു പ്രശ്നമാണ്. അതിനും പരിഹാരം കാണണമെന്ന് അൽഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
സമീപ കാലത്തു തുടർച്ചയായി ഇന്ധനവില വർധിച്ചതു കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും പെട്രോൾ വില 100 രൂപ കടന്നിരുന്നു. പെട്രോൾ- ഡീസൽ- പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ചു പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സമരങ്ങളും നടന്നിരുന്നു.