ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിൽ കേരളത്തിലുണ്ടായത് വൻദുരന്തമാണെന്നും ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചവരുത്തിയവരെ കണ്ടുപിടിക്കണമെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. അഖില കേരള ധീവരസഭയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ നടന്ന മത്സ്യത്തൊഴിലാളി സംഗമവും അവകാശ പ്രഖ്യാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് വൻ നാശനഷ്ടമാണ് ഉണ്ടായത്.
നഷ്ടങ്ങൾക്കെല്ലാം പരിഹാരം കാണണം. കേരളത്തിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. അധികാരികൾക്ക് ജനങ്ങളാണ് കസേരയിൽ ഇരുത്തിയതെന്ന ഓർമ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഓഖി ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച അനൂകുല്യം വർധിപ്പിക്കണമെന്ന് മത്സ്യതൊഴിലാളി സംഗമത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ സഹായധനവും വർധിപ്പിക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ പൂർണമായി നഷ്ടപ്പെട്ടവർക്കും ഭാഗികമായി നഷ്ടപ്പെട്ടവർക്കും നഷ്ടത്തിനനനുസരണമായ സഹായം നൽകണം. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെയും മുൻകാലങ്ങളിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് അഭയകേന്ദ്രങ്ങളിൽ കഴിയുന്നവരെയും പുനരധിവസിപ്പിക്കണം.
പുലിമുട്ടോടുകുടൂയ കടൽഭിത്തി നിർമിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജാഗ്രതാ നിർദേശം മുൻകൂട്ടി നൽകാതിരുന്നവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ധീവരസഭ പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.ദിനകരൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കർണാടക ഫിഷറിസ് മന്ത്രി പ്രമോദ് മധുരാജ്, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, എൻ.കെ. പ്രമേചന്ദ്രൻ എംപി, ബിജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.