കൊച്ചി: കണ്ണമാലിയിൽ വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണമാലി കുതിരൂർക്കരി വലിയവീട്ടിൽപറന്പ് ഷേളി (44) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സേവ്യർ (67) നെ ഇന്നു രാവിലെ കണ്ണമാലി പോലീസ് അറസ്റ്റു ചെയ്തു.
രാത്രി വൈകിയുള്ള ഫോണ് വിളിയിൽ സംശയം ആരോപിച്ചാണു പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അടുത്തകാലത്തായി ഷേളി മറ്റാരയോ നിരന്തരമായി ഫോണ് ചെയ്യാറുണ്ടെന്നും അതു നിർത്തണമെന്നും താൻ ആവശ്യപ്പെട്ടിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു.
എന്നാൽ ഷേളി അത് കൂട്ടാക്കിയില്ല. ഇന്നലെ അർധരാത്രി ഫോണ് വിളിക്കുന്നത് കണ്ട പ്രതി മൊബൈൽ ഫോണ് പിടിച്ചുവാങ്ങുകയും മേലൽ ഫോണ് വിളിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു. ഇനിയും താൻ ഫോണ് വിളിക്കുമെന്ന് പറഞ്ഞതോടെ ഇരുവരും വാക്കേറ്റമായി.
തർക്കം മൂർച്ഛിച്ചതോടെ സേവ്യർ ഭാര്യയെ മർദ്ദിക്കുകയും തോർത്ത് കൊണ്ട് കഴുത്തിൽ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സമയം മകൻ ഉണ്ണി (19) വീടിനോട് ചേർന്നുള്ള ചായ്പ്പിൽ ഉറങ്ങുന്നുണ്ടായിരുന്നു.
പുലർച്ചെ സേവ്യർ തന്നെയാണു വിവരം പോലീസിൽ വിളിച്ചു പറഞ്ഞത്. പേലീസ് എത്തിയപ്പോഴേക്കും തുണികൾ സഞ്ചിയിലാക്കി കടന്നുകളയാനുള്ള തയ്യാറെടുപ്പിലായിരുന്നു സേവ്യർ. പോലീസ് എത്തിയ ശേഷമാണ് അമ്മ കൊല്ലപ്പെട്ട വിവരം മകൻ അറിഞ്ഞത്.
സേവ്യറും ഷേളിയും തമ്മിൽ ഫോണ് വിളിയുടെ പേരിൽ നിരന്തരം വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകൻ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികെയാണ്. സിഐ കെ.എൽ. സജിമോൻ, എസ്ഐ വില്യംസ്, എഎസ്ഐ അഭിജിത്ത്, സേവർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.