വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അന്ത്യശാസന തിയതി ഇന്നലെ അവസാനിച്ചിരിക്കെ വീട്ടുകാരെല്ലാം അങ്കലാപ്പിലാണ്.
ഭൂമിക്ക് ലഭിക്കുന്ന നഷ്ടപരിഹാരം എത്രയെന്ന് പോലും അറിയിക്കാതെ തങ്ങൾ എവിടേക്ക് പോകുമെന്ന ആധിയാണ് കർഷകർ പങ്കുവെക്കുന്നത്. 29ന് വൈകിട്ട് അഞ്ചിന് മുന്പ് വീടും സ്ഥലവും ഒഴിയണമെന്നായിരുന്നു ലാൻഡ് അക്വിസിഷൻ നടത്തുന്ന കിൻഫ്രയുടെ സ്പെഷ്യൽ തഹസിൽദാരുടെ നോട്ടീസ്.
10 ദിവസം മുന്പ് മാത്രമാണ് ഈ നോട്ടീസ് ഭൂവുടമകൾക്ക് ലഭിച്ചത്. ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട് എന്നതല്ലാതെ എത്ര തുക എന്നോ അത് എപ്പോൾ കിട്ടും എന്നോ എങ്ങനെ കിട്ടും എന്നൊന്നും ഇനിയും വ്യക്തമാക്കിയിട്ടില്ല. ഒഴിഞ്ഞു പോയില്ലെങ്കിൽ പോലീസ് ഇടപെടലിലൂടെ നടപടി നടത്തും എന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.
അന്ത്യശാസന തിയതി ഇനിയും നീട്ടി കിട്ടുമെങ്കിലും നഷ്ടപരിഹാര തുക കയ്യിൽ കിട്ടാതെ മറ്റൊരു സ്ഥലം വാങ്ങാനോ വീടുപണി തുടങ്ങാനോ ഉടമകൾക്ക് കഴിയില്ല. ഇത്രയും ആദായം ലഭിച്ചിരുന്ന സ്ഥലംവിട്ട് തരിശുഭൂമി വാങ്ങി കൃഷിയിറക്കി ആദായം കിട്ടാൻ ഇനി എത്ര വർഷങ്ങൾ കാത്തിരിക്കണം.
കൃഷിക്ക് അനുയോജ്യമായ വെള്ളമുള്ള സ്ഥലം കിട്ടണം. കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ ചികിത്സാസൗകര്യങ്ങൾ, വാഹനസൗകര്യം തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധിച്ചു വേണം എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന സ്ഥലം വിട്ട് പോകുന്ന കർഷകർക്ക് മറ്റെവിടെയെങ്കിലും കേറി പാർക്കാൻ.
വീട് ഒഴിഞ്ഞ് താക്കോൽ ഏൽപ്പിച്ചാൽ പണം തരാമെന്ന അധികൃതരുടെ വാദവും ഭൂവുടമകളെ കുഴപ്പിക്കുന്നുണ്ട്. ഇതിനിടെ ഭൂമി സംബന്ധിച്ച പരിശോധനകൾ ഇപ്പോഴും തുടരുന്നുണ്ട്.
പല ടീമുകളായി പലയിടത്തായിട്ടാണ് പരിശോധനകൾ നടക്കുന്നത്. ഭൂമിയുടെ അളവിലും പലർക്കും കുറവ് ഉണ്ടാകുന്നുണ്ട്. നാമമാത്രമായ വിലയാണ് മരങ്ങൾക്കെല്ലാം കണക്കാക്കുന്നത്.
തേക്ക് തടികൾക്കൊന്നും വിലകാണുന്നില്ല. വീട് നഷ്ടപ്പെടുന്നവർക്ക് 4.60 ലക്ഷം രൂപയുടെ പാക്കേജുണ്ടെങ്കിലും അക്കാര്യത്തിലും വ്യക്തതയില്ലെന്ന് വീടും സ്ഥലവും നഷ്ടപ്പെടുന്ന കുന്നത്ത് വീട്ടിൽ ജെയ്സണ് പറഞ്ഞു.