വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി വെട്ടിമാറ്റു ന്നതു 300 ഏക്കറിലെ തെങ്ങ്, റബർ ഉൾപ്പെടെ പൊന്നുവിളയുന്ന കാർഷികവിളകൾ.ഏറ്റെടുക്കുന്ന 470 ഏക്കർ ഭൂമിയിലും 95 ശതമാനവും ഇത്തരത്തിലുള്ള വിളകൾ നശിപ്പിച്ചാണ് വ്യവസായ യൂണിറ്റുകൾക്കായി സ്ഥലം ഒരുക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിലാണ് 300 ഏക്കർ ഭൂമി ഏറ്റെടുത്തുനടപടികൾ തുടങ്ങിയത്.ലക്ഷങ്ങൾ ചെലവഴിച്ച് പുഴയോരങ്ങളിൽ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുന്പോഴാണ് ഇത്രയും വലിയ പ്രദേശത്തെ പച്ചത്തുരുത്തുകളും ജലസ്രോതസുകളും നശിപ്പിക്കുന്നത്.
നാളികേരം നിറഞ്ഞുനിൽക്കുന്ന തെങ്ങുകൾ മുറിച്ചുമാറ്റുന്പോൾ ഏറെ വേദനയുണ്ടെന്നു വ്യവസായ പാർക്കിനായി വീടും സ്ഥലവും നഷ്ടപ്പെടുന്ന കല്ലിങ്കൽപാടം റോഡിലെ നടക്കൽ ജോയ് പറഞ്ഞു.
എന്തുചെയ്യാം, വിട്ടുകൊടുക്കാതെ നിവൃത്തിയില്ലല്ലോ എന്നാണ് കർഷകരുടെ ആത്മഗതം. പതിറ്റാണ്ടുകളുടെ അധ്വാനമുണ്ട് പറന്പിൽ പച്ചപ്പ് ഉണ്ടാക്കാൻ. നല്ല മണ്ണും, കൊടുംവേനലിലും ജലസമൃദ്ധിയുമുള്ള ഭൂപ്രദേശങ്ങൾ മരുഭൂമിയാക്കി മാറ്റിയാണ് വ്യവസായ പാർക്ക് കൊണ്ടുവരുന്നത്.
പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും ഇതെല്ലാം കണ്ടു മൗനത്തിലാണ്. വൈകിയാണെങ്കിലും കർഷകർ തങ്ങളുടെ സങ്കടം പങ്കുവയ്ക്കുകയാണ്. വൻകിടക്കാരുടെ താൽപര്യം സംരക്ഷിക്കാൻ കുറഞ്ഞ ഭൂമിയുള്ളവരും ബലിയാടുകളാകുന്ന സ്ഥിതിയുമുണ്ടായി.
ശരിയായ നഷ്ടപരിഹാരംപോലും ലഭിക്കാതെയാണ് പലരും വീടുവിട്ടിറങ്ങുന്നത്. ഇങ്ങനെ ഫലഭൂയിഷ്ഠമായ മണ്ണും വെള്ളവും ഉള്ള ഭൂമി ഇനി കിട്ടില്ലെന്ന് ഇവർക്കറിയാം. ഇനി മറ്റൊരിടത്തു പോയി കൃഷിത്തോട്ടമൊരുക്കാൻ ജീവിതം മതിയാകില്ലെന്ന തിരിച്ചറിവും കർഷകർക്കുണ്ട്.
അതേസമയം, ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ ഭൂവുടമകൾക്കു ബാങ്ക് അക്കൗണ്ട് വഴിയും ചെക്കായുമാണ് നഷ്ടപരിഹാരത്തുക നൽകുന്നത്.