വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായുള്ള ഭൂമി ഏറ്റെടുക്കൽ ഭൂവുടമകളും സർക്കാരും തമ്മിലുള്ള നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങുന്നു. ഭൂമിക്ക് നിശ്ചയിക്കുന്ന വില നന്നേ കുറയുന്നതാണ് ഭൂവുടമകളെ പ്രകോപിപ്പിക്കുന്നത്.ഭൂമി വില തീരുമാനിക്കുന്നതു സംബന്ധിച്ച് രണ്ട് ദിവസമായി കളക്ടറുടെ സാന്നിധ്യത്തിൽ പാലക്കാട് നടന്ന ചർച്ചകൾ ഫലം കാണാതെ അവസാനിക്കുകയായിരുന്നു.
മുൻ നിലപാടുകളിൽ നിന്നും വ്യത്യസ്തമായി ഭൂമിയെ തരം തിരിച്ച് നാമ മാത്രമായ വില നിശ്ചയിക്കുന്നതിൽ ഭൂവുടമകൾക്കുള്ള ശക്തമായ പ്രതിഷേധവും ഇന്നലത്തെ ചർച്ചകളിലുണ്ടായി. ഇത്തരത്തിലാണ് വില നിശ്ചയിക്കുന്നതെങ്കിൽ ഭൂമി വിട്ടു നൽകലുണ്ടാകില്ലെന്നും ഭൂവുടമകൾ അറിയിച്ചു.
ഭൂമിക്ക് ലഭിക്കുന്ന കുറഞ്ഞ തുകകൊണ്ട് സമാന സ്വഭാവമുള്ള ഭൂമി മറ്റു എവിടെയെങ്കിലും വാങ്ങി താമസിക്കാനോ കൃഷി ചെയ്യാനോ കഴിയില്ലെന്ന് കർഷകർ പറയുന്നു. ഓരോ കാര്യങ്ങൾ നടക്കാൻ ആനുകൂല്യങ്ങളുടെ പട്ടിക നിരത്തി പ്രതിഷേധങ്ങളിൽ നിന്നും കർഷകരെ അകറ്റുകയും എന്നാൽ ഭൂമി വിട്ടുകൊടുക്കുന്ന ഘട്ടമെത്തിയപ്പോൾ മുൻ നിലപാടുകളെല്ലാം മാറ്റി പറഞ്ഞുംനിയമവുംആക്ടും പറഞ്ഞും ഭീഷണിയുടെ സ്വരമാണ് നടത്തുന്നതെന്നും ഭൂവുടമകൾ പറയുന്നു.
അതേ സമയം, മൂന്ന് നാല് ദിവസത്തിനുള്ളിൽ ഭൂമി വിട്ടു നൽകുന്ന സമ്മതപത്രം നൽകാൻ തയ്യാറായില്ലെങ്കിൽ ആക്ട് അനുസരിച്ച് നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്നാണ് റവന്യൂ അധികാരികൾ പറയുന്നത്. പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടായാൽ നിയമ പോരാട്ടം നടത്തുമെന്ന് ഒരുവിഭാഗം ഭൂവുടമകളും പറയുന്നു.
എന്തായാലും ദേശീയ പാത വികസനത്തിന് ഭൂമി വിട്ടുകൊടുത്ത് നക്കാപ്പിച്ച പണം നൽകി കബളിപ്പിച്ച മട്ടിൽ പ്രദേശത്തെ ഭൂവുടുകളെ വഞ്ചിക്കൽ ഇനി നടക്കില്ല. ഭൂവുടമകളെ ഭിന്നിപ്പിച്ച് കുറച്ച് പേരിൽ നിന്നെങ്കിലും സമ്മതപത്രം വാങ്ങി മറ്റു ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുക എന്ന സമീപനമാകും അധികൃതർ ഇനി സ്വീകരിക്കുക.