വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായപാർക്കിനായി ഏറ്റെടുക്കുന്ന കൃഷിഭൂമിയുടെ വില നിശ്ചയിക്കുംമുന്പേ കൃഷിഭൂമിയിൽ സർവേക്കല്ലുകൾ സ്ഥിരമായ സ്ഥാപിക്കുന്നതിൽ പ്രതിഷേധം ശക്തം. കർഷകരുടെ സമ്മതമില്ലാതെ ഭൂമി ബലമായി പിടിച്ചെടുക്കുന്നതിന് സമാനമാണ് അധികൃതരുടെ ഈ നടപടിയെന്നാണ് ആക്ഷേപം.
നേരത്തെ അതിരു തിരിച്ചിരുന്ന താത്കാലിക സർവേ അടയാളങ്ങൾ മാറ്റി പെയിന്റടിച്ച് സ്ഥിരമായ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതാണ് ഭൂവുടമകളെ പ്രകോപിച്ചിട്ടുള്ളത്. ഭൂമിവില നിശ്ചയിക്കുന്നതിന്റെ പ്രാരംഭ ചർച്ചകൾ തന്നെ പരാജയപ്പെട്ടിരിക്കേ മുന്നറിയിപ്പു കൂടാതെ ഭൂമി പിടിച്ചെടുക്കുന്ന നടപടിയുണ്ടായാൽ അതിനെതിരേ കർഷകർ രംഗത്തിറങ്ങുമെന്ന് കർഷക കൂട്ടായ്മ പ്രസിഡന്റ് ജെയിംസ് പാറയിൽ പറഞ്ഞു.
ഭൂമി ഏറ്റെടുക്കൽ നടപടികളിൽ അവ്യക്തത നിലനില്‍ക്കുന്നതിനാൽ രണ്ടുവർഷത്തോളമായി സ്വന്തംഭൂമിയിൽ കൃഷിയിറക്കാനോ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനോ ഭൂമിവില്ക്കാനോ കഴിയാത്ത സാഹചര്യമുണ്ട്.പ്രദേശത്തെ ഏറ്റവും ഉയർന്ന ആധാരവിലയെ അടിസ്ഥാനപ്പെടുത്തി ഭൂമിവില നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സെന്റിന് രണ്ടരലക്ഷം രൂപവരെ വിലയ്ക്ക് ആധാരം നടത്തിയ ഭൂമി ഇവിടെയുണ്ട്.
അങ്ങനെയുള്ളപ്പോൾ പ്രദേശത്തെ അടിസ്ഥാനവില വളരെ കുറവായാണ് അധികൃതർ കാണുന്നത്. ഉയർന്നവിലയ്ക്ക് ആധാരം നടന്നതിന്റെ പകർപ്പുകളും കളക്ടർ ആവശ്യപ്പെടുന്ന സമയം ഹാജരാക്കാൻ തയാറാണെന്ന് കർഷകർ പറയുന്നു. സെന്റിനു മൂന്നുലക്ഷം രൂപ പ്രകാരം ബാങ്കുകളിൽനിന്നും വായ്പയെടുത്തവരും ഇവിടെയുണ്ട്.
ഭൂമിവില ഇത്രയും ഉയർന്നുനില്‍ക്കേ അടിസ്ഥാനവിലയായി 22,000 രൂപ മാത്രം കണക്കാക്കുന്ന സമീപനം അംഗീകരിക്കില്ല. വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്പോൾ ഭൂവുടമകളുടെ കൂടി പരാതി പരിഹരിക്കുമെന്ന മന്ത്രി എ.കെ.ബാലന്റെ ഉറപ്പുകൾ ലംഘിക്കപ്പെടുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു.
വ്യവസായപാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2016 ജൂലൈ 16ന് കണ്ണന്പ്രയിൽ നടന്ന ഭൂവുടമകളുടെ പ്രഥമ യോഗത്തിലായിരുന്നു മന്ത്രി ഈ ഉറപ്പുനല്‍കിയിരുന്നത്. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്ത രീതിയിലല്ല വ്യവസായപാർക്കിനായി ഭൂമി ഏറ്റെടുക്കുക എന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മാർക്കറ്റ് വിലയേക്കാൾ കുറയാത്ത വില ഭൂമിക്കു നല്‍കുമെന്ന മന്ത്രിയുടെ ഉറപ്പുപ്രാവർത്തികമാക്കണമെന്നും കർഷകർ ആവശ്യമുന്നയിച്ചു.ആറുവരിപ്പാതയ്ക്കായി സ്ഥലംവിട്ടുകൊടുത്തപ്പോൾ നക്കാപ്പിച്ച പണം നല്കി ഭൂവുടമകളെ കബളിപ്പിച്ചത് മറക്കാനാകില്ല. ഇനിയും അത്തരം ചതിക്കുഴിയിൽ ചാടി കഷ്ടപ്പെടാൻ തയാറെല്ലെന്നും കൃഷിവിളകളും നീരുറവകളുമുള്ള നല്ല ഭൂമിയാണ് വ്യവസായപാർക്കിനായി നശിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.