കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിലെ ക്യാമ്പിൽ കിടന്നുറങ്ങുന്നുവെന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം രാത്രി മന്ത്രിയുടെ വേരിഫൈഡ് പേജിലാണ് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത്.
ക്യാമ്പിൽ മറ്റുള്ളവർക്കൊപ്പം നിലത്തു വിരിച്ച ഷീറ്റിൽ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്റെ ചിത്രവും പോസ്റ്റും വൈറലാവുകയും ഫോട്ടോക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയുമായിരുന്നു.വിമർശനങ്ങൾ രൂക്ഷമായതോടെ താനല്ല ആ ഫോട്ടോ ഇട്ടതെന്ന വാദവുമായാണ് കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നത്.
പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ക്യാമ്പില്‍ ചെലവഴിച്ചെന്നും ആ അവസരത്തിൽ തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നുമാണ് കണ്ണന്താനം ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്.
എന്നാൽ പുതിയ പോസ്റ്റിന് താഴെയും കണ്ണന്താനത്തെ പരിഹസിച്ചുകൊണ്ടുള്ള കമൻറുകളും ട്രോളുകളുമാണ് വരുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്റെ ചിത്രത്തിനെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകളാണ് വന്നത്.