ഇംഫാൽ: വിവിഐപിക്കുവേണ്ടി വിമാനം വൈകിയ സംഭവത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ നിർത്തിപ്പൊരിച്ച് ഡോക്ടർ യുവതി. മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിലായിരുന്നു സംഭവം. കണ്ണന്താനം എത്തുന്നതിനു വേണ്ടിയാണ് 2.45ന് പുറപ്പെടേണ്ട വിമാനം അധികൃതർ വൈകിപ്പിച്ചത്.
അധികൃതരുടെ നടപടിയിൽ അസ്വസ്ഥയായ യുവതി മന്ത്രിയെ അപ്രതീക്ഷിതമായി മുന്നിൽകിട്ടിയപ്പോൾ തട്ടിക്കയറുകയായിരുന്നു. ഗുരുതര നിലയില്‍ കിടക്കുന്ന തന്റെ രോഗിയെ ചികിത്സിക്കുന്നതിനായി പാറ്റ്നയിലേക്ക് പോവാനെത്തിയതാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും ഇവർ മന്ത്രിയോടു ആവശ്യപ്പെട്ടു.
ഇവരുടെ ക്ഷോഭം ശമിപ്പിക്കാൻ ശ്രമിച്ച മന്ത്രിയോട് വിമാനം ഇനിയും വൈകില്ലെന്ന് തനിക്ക് എഴുതിത്തരണമെന്നും ഡോക്ടർ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും യുവതിയുടെ ക്ഷോഭത്തിനിരയായി. വാർത്താ ഏജൻസിയായ എഎൻഐയാണ് സംഭവം പുറത്തുവിട്ടത്.