മദ്യപാനം നിര്‍ത്താനും തന്മൂലം ജീവിതം മെച്ചപ്പെടാനും കാരണമായത് പോലീസ്! പോലീസുകാര്‍ക്ക് നന്ദിയറിയിച്ച് കേക്കുമായി കണ്ണന്‍ സ്‌റ്റേഷനില്‍; ഇടുക്കി സ്വദേശിയുടെ ജീവിതത്തില്‍ പോലീസ് രക്ഷകരായതിങ്ങനെ

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞതുപോലെയാണ് മദ്യപാനം നിര്‍ത്തുന്നവരുടെ കാര്യവും. മദ്യപാനവും പുകവലിയും നിര്‍ത്തുന്നവര്‍ക്ക് അവരങ്ങനെയൊരു പ്രവര്‍ത്തിക്ക് തുനിഞ്ഞതിന് പിന്നില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടാവും. 23 വര്‍ഷമായുള്ള തന്റെ മദ്യപാനം നിര്‍ത്തിയ ഇടുക്കി രാജകുമാരി സ്വദേശിയായ കണ്ണന്‍ അതിന് പറഞ്ഞ കാരണമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

മറ്റാരുമല്ല, പോലീസാണ് തന്റെ മദ്യപാനംശീലം ഉപേക്ഷിക്കാന്‍ തന്നെ സഹായിച്ചതെന്നാണ് കണ്ണന്‍ പറയുന്നത്. സംഭവം നടക്കുന്നത് നാലു മാസം മുമ്പാണ്.. രണ്ടു പതിറ്റാണ്ടിനിടയില്‍ പല തവണ മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലീസ് കണ്ണനെ പിടിച്ചു. പിഴയും ഈടാക്കിയതോടെ മദ്യപാനം ഉപേക്ഷിക്കാന്‍ കണ്ണന്‍ കടുത്ത തീരുമാനം എടുക്കുകയായിരുന്നു.

ഇപ്പോള്‍ നാലു മാസമായിട്ട് കണ്ണന്‍ മദ്യം തൊട്ടിട്ടില്ല. അതോടെ കണ്ണന്റെ സമ്പാദ്യവും കൂടി. മാസം പതിനായിരത്തോളം രൂപ ഈയിനത്തില്‍ മിച്ചംപിടിക്കുന്നുണ്ടെന്നാണു കണ്ണന്റെ പക്ഷം. എല്ലാത്തിനും കാരണമായ പോലീസിനെ തന്റെ ഉയര്‍ച്ചയില്‍ കണ്ണന്‍ മറന്നില്ല. കേക്കുമായാണ് കണ്ണന്‍ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാജാക്കാട് എസ്ഐ ജോയ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കണ്ണനെ പിടികൂടി പിഴ ഈടാക്കിയത്. അതാണ് കണ്ണന്റെ ജീവിതത്തില്‍ വഴിത്തിരിവായതും.

 

Related posts