കണ്ണൻനായരെ ഓർമയില്ലേ. ഇന്നത്തെ മുംബൈ ബോംബെ എന്നറിയിപ്പെട്ടിരുന്ന കാലത്ത് സൂപ്പർസ്റ്റാറുകളുടെ ഡ്യൂപ്പായി അഭിനയിച്ച് പിന്നീട് ബോംബെ അധോലോകത്തിന്റെ കറുത്ത ഇടനാഴികളിലൂടെ സഞ്ചരിച്ച് കാർലോസിനെ പോലുള്ള അധോലോക രാജാക്കൻമാരെ കാൽക്കീഴിലാക്കി വളർന്ന കണ്ണൻനായർ. തന്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ ഇന്ദ്രജാലം എന്ന ചിത്രം കണ്ണൻനായർ എന്ന മലയാളി ഡോണിന്റെ കഥയാണ് പറഞ്ഞത്.
അതിൽ കണ്ണൻനായർക്ക് പല വില്ലൻമാരേയും നേരിടേണ്ടി വന്നെങ്കിലും ഏറ്റവും ക്രൂരനായ വില്ലൻ പോലീസ് കമ്മീഷണർ ഡേവിഡായിരുന്നു. അന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു ഡേവിഡിന്. ഒരു നോട്ടത്തിലും മൂളലിലും പോലും ക്രൗര്യം നിറയുന്ന ഭാവം. എല്ലാ വില്ലത്തരങ്ങളും ഉള്ളിലൊളിപ്പിച്ച് ഒരു ചാണക്യന്റെ രൂപഭാവങ്ങളോടെ ഡേവിഡ് ഇന്ദ്രജാലത്തിൽ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞുനിന്നു.
ഇന്ദ്രജാലം സൂപ്പർഹിറ്റായിരുന്നു. രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കൻമാർ, വഴിയോരക്കാഴ്ചകൾ, തുടങ്ങിയ ഹിറ്റുകൾക്കു ശേഷം തന്പി കണ്ണന്താനം മോഹൻലാൽ കൂട്ടുകെട്ടിൽ രൂപമെടുത്ത ഇന്ദ്രജാലം തന്പിയുടെ മികച്ച വർക്കുകളിലൊന്നായിരുന്നു.
ഡെന്നീസ് ജോസഫ് എഴുതിയ തിരക്കഥയ്ക്ക് പലയിടത്തും ഒരു കാവ്യഭംഗിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു സ്ഥിരം ആക്ഷൻ ചിത്രത്തിനപ്പുറം ഇന്ദ്രജാലം നല്ലൊരു ചിത്രമായിരുന്നു. ചിത്രം കണ്ടിറങ്ങുന്നവരുടെ മനസിൽ മോഹൻലാലിന്റെ കണ്ണൻനായർ്ക്കൊപ്പം കാർലോസും ഡേവിഡും ഇടം പിടിച്ചിരുന്നു.
കാർലോസ് ആയി വേഷമിട്ടത് രാജൻ പി ദേവ് എന്ന നാടക നടനായിരുന്നുവെന്നും കാട്ടുകുതിരയിലൊക്കെ അഭിനയിച്ച നടനാണെന്നും വാർത്ത വന്നിരുന്നു. പക്ഷേ ഡേവിഡ് എന്ന വില്ലൻ പോലീസ് ഓഫീസറെ അവതരിപ്പിച്ച നടനെക്കുറിച്ച് എവിടെയും പരാമർശിക്കപ്പെട്ടില്ല, ആസ്വാദക ഹൃദയങ്ങളിലും പരസ്പരമുള്ള സംസാരങ്ങളിലുമല്ലാതെ. ആരാണ് ആ നടനെന്ന് പലരും അറിയാനാഗ്രഹിച്ചു. പക്ഷേ എന്തുകൊണ്ടോ ആ നടൻ അധികം പുറത്തറിയപ്പെട്ടില്ല.
നല്ല നടനായിട്ടും എന്തുകൊണ്ട് ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പിന്നീട് അത്രയ്ക്കൊന്നും മലയാള സിനിമയിൽ ക്ലിക്കായില്ലെന്നത് അത്ഭുതമായി അവശേഷിച്ചു. നല്ല വില്ലൻമാർ വളരെ കുറവായിക്കൊണ്ടിരിക്കുന്ന മലയാളത്തിൽ ഡേവിഡിന് ഇപ്പോഴും ഇടമില്ലേ എന്ന ചിന്തയിൽ നിന്നാണ് ഡേവിഡിനെ തേടിയുള്ള യാത്ര തുടങ്ങിയത്.
വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്ത ഒരു നല്ല നടൻ പിന്നീട് അധികമൊന്നും ഇൻഡസ്ട്രിയിൽ വരാതെ പോയതെന്തുകൊണ്ടായിരിക്കാമെന്ന ഉത്തരമില്ലാത്ത ചോദ്യവുമായി യാത്ര ആരംഭിച്ചു. ഇന്ദ്രജാലത്തിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ വിളിച്ച് കാര്യം പറഞ്ഞു. ആ വില്ലൻ ആരായിരുന്നു….
ഡെന്നീസ് ജോസഫ് അതു വെളിപ്പെടുത്തുന്നു…
ഇന്ദ്രജാലത്തിലെ ഡേവിഡ് എന്ന വില്ലൻ പോലീസ് ഓഫീസറെ അവതരിപ്പിച്ചത് എ.ടി.ജോസ് എന്നയാളാണ്. അദ്ദേഹം അന്ന് എറണാകുളം അസി. പോലീസ് കമ്മീഷണറാണ്. പിന്നീട് അദ്ദേഹത്തിന് ഐപിഎസ് കിട്ടി. റിട്ടയർ ചെയ്ത ശേഷം എറണാകുളത്ത് വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ്. ആളെ ഒന്നുവിളിക്ക്. സന്തോഷമാകും പുള്ളിക്ക്….
നേരത്തെ അഭിനയിച്ച് പരിചയമൊന്നുമില്ലായിരുന്നു ജോസിനെന്ന് ഡെന്നീസ് ജോസഫ് ഓർക്കുന്നു. പക്ഷേ അഭിനയിക്കാൻ നല്ല താത്പര്യമുണ്ടായിരുന്നുവത്രെ. ഒരു സുഹൃത്തു മുഖാന്തിരമാണ് ജോസ് ഡെന്നീസ് ജോസഫിന്റെയടുത്തെത്തുന്നത്. ആദ്യ നോട്ടത്തിൽ തന്നെ തന്റെ കഥയിലെ വില്ലൻ പോലീസാകാനുള്ള ലുക്ക് ജോസിനുണ്ടെന്ന് ഡെന്നീസ് ജോസഫിന് മനസിലായി. അങ്ങിനെ പതിയെപ്പതിയെ ജോസിലേക്ക് ഡേവിഡ് എന്ന ബോംബെ സിറ്റി പോലീസ് കമ്മീഷണർ കയറിപ്പറ്റി.
കണ്ണൻനായരേയും കാർലോസിനേയും കടത്തിവെട്ടുന്ന ലുക്കും അപ്പിയറൻസുമായി പുള്ളിക്കാരൻ സ്ക്രീനിൽ നിറഞ്ഞാടി.
അങ്ങിനെ ഒടുവിൽ ഡേവിഡിനെ വിളിച്ചു. 29 വർഷമായി സ്ക്രീനിൽ കണ്ടു മാത്രം പരിചയമുള്ള ഡേവിഡ് എന്ന പോലീസുകാരനെ കണ്ടെത്തുന്പോൾ കാർലോസിനേയും കണ്ണൻനായരേയും വിറപ്പിച്ച ഡേവിഡ് ഒരു പ്രമുഖ ചാനലിൽ കുട്ടികളുടെ സംഗീതപരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിന് ഒരു ഷോർട്ട് ബ്രെയ്ക്ക് കൊടുത്തിട്ടാണ് അദ്ദേഹം രാഷ്ട്രദീപികയ്ക്ക് വേണ്ടി സമയം കണ്ടെത്തിയത്.
ഡെന്നീസ് ജോസഫ് പറഞ്ഞതു പോലെ തന്നെ വളരെ സന്തോഷവാനായിരുന്നു എ.ടി.ജോസ്. കാലമിത്ര കഴിഞ്ഞിട്ടും ഡേവിഡ് ഓർമിക്കപ്പെടുന്നതിലുള്ള സന്തോഷം. 29 വർഷം മുന്പുള്ള ഇന്ദ്രജാലം സിനിമയുടെ ഷൂട്ടിംഗും അനുഭവങ്ങളും ഓർമകളും എ.ടി.ജോസ് എന്ന നടൻ ഓർത്തെടുത്തു….
എറണാകുളം അസി.പോലീസ് കമ്മീഷണറായിരിക്കെയാണ് ഡെന്നീസിനെ സുഹൃത്ത് വഴി പരിചയപ്പെടുന്നത്. സിനിമാക്കന്പമൊന്നുമില്ല. എന്നാലും സിനിമയിൽ ഒന്നു മുഖം കാണിച്ചാൽ കൊള്ളാമെന്ന് മനസിലുണ്ട്. അക്കാര്യം ഡെന്നീസിനെ പരിചയപ്പെട്ടപ്പോൾ നേരിട്ട് പറഞ്ഞു. ഇന്ദ്രജാലത്തിലേക്കുള്ള വഴി തുറക്കുന്നത് അങ്ങിനെയാണ്. മദ്രാസിലായിരുന്നു സ്ക്രീൻ ടെസ്റ്റ്. സഫാരി സ്യൂട്ടൊക്കെയിട്ട് മദ്രാസിലെ വുഡ്ലാന്റ്സ് ഹോട്ടലിൽ വച്ച് ഇന്ദ്രജാലത്തിന്റെ സംവിധായകൻ തന്പി കണ്ണന്താനത്തെ കണ്ടു.
കൂടെ സംവിധായകൻ ഹരിഹരനുമുണ്ട്. അഭിനയിച്ചു കാണിക്കാനൊക്കെ പറഞ്ഞാൽ എളുപ്പമല്ലെന്ന് മുൻകൂർ ജാമ്യമെടുത്തു. അധികം ബുദ്ധിമുട്ടിക്കാതെ തന്പി ഓകെ പറഞ്ഞു. ഹരിഹരനും ഓകെ പറഞ്ഞെന്ന് പിന്നീട് അറിഞ്ഞു. അഭിനയിച്ച് മുൻപരിചയമൊന്നുമില്ലെന്ന് തന്പിയോട് പറഞ്ഞപ്പോൾ അതെല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി.
ഡെന്നീസും ധൈര്യം തന്നു. മുംബൈയിലായിരുന്നു ഷൂട്ടിംഗ്. രണ്ടു മാസത്തെ ലീവ് എടുക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ പെട്ടു. അത്രയും ലീവ് സർവീസിൽ തരാൻ സാധ്യത കുറവാണ്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന സോമരാജ് സാറിനെ കണ്ട്് വിവരം പറഞ്ഞപ്പോൾ ആൾ സന്തോഷത്തോടെ പ്രോത്സാഹിപ്പിച്ച് ഒരു മാസത്തെ ലീവ് അനുവദിച്ചു. അതും കൊണ്ട് മുംബൈയ്ക്ക് പഴയ ബോംബെയ്ക്ക് വണ്ടി കയറി.
ചിത്രത്തിലെ പ്രധാനപ്പെട്ട വില്ലനാണ് ഞാനെന്നും അപ്പോഴാണ് തിരിച്ചറിഞ്ഞത്. അതോടെ ടെൻഷനായി. എന്റെ കഥാപാത്രം പാളിയാൽ മൊത്തം ചിത്രം പാളുമെന്ന് തോന്നി. പക്ഷെ ഡെന്നീസ് ധൈര്യം തന്നു. ഒരു കുഴപ്പവുമില്ലെന്നും ഒന്നുമില്ലെങ്കിൽ നിങ്ങൾ പോലീസ് തന്നെയല്ലേയെന്നും ഡെന്നീസ് ചോദിച്ചു. എറണാകുളത്ത് അസി.കമ്മീഷണർ, ബോംബെയിൽ കമ്മീഷണർ എന്ന വ്യത്യാസമേ ഉള്ളുവെന്നും ഡെന്നീസ് ധൈര്യം തന്നു. നാട്ടിലല്ലല്ലോ ബോംബെയിൽ അല്ലേ ധൈര്യമായി അഭിനയിച്ചോളു ആരും നോക്കില്ലെന്നുകൂടി ഡെന്നീസ് ധൈര്യപ്പെടുത്തിയതോടെ ഞാൻ ഓകെ ആയി.
വിജയൻ കാരോട്ടും സത്താറും ഞാനും ചേർന്നുള്ള സീനാണ് ആദ്യമെടുത്തത്. വലിയ കുഴപ്പമില്ലാതെ ഒപ്പിച്ചു. മോഹൻലാലിനെ ആദ്യമായി കണ്ടപ്പോൾ വളരെ സൗഹൃദത്തിലാണ് ലാൽ പെരുമാറിയത്. ഞാൻ എറണാകുളം അസി.കമ്മീഷണർ ആണെന്ന് പറഞ്ഞപ്പോൾ എനിക്കറിയാം എന്ന് പറഞ്ഞ് തോളിൽ തട്ടി. ലാലുമായി കോന്പിനേഷൻ സീനുകൾ ഒരുപാടുണ്ടായിരുന്നു. കാമറാമാൻ സന്തോഷ് ശിവൻ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ധൈര്യം തരുകയും നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും തരുകയുംചെയ്തു.
കാർലോസ് ഞങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാനായി പഴയ പല കാര്യങ്ങളും ഷൂട്ട് ചെയ്ത് വച്ചത് കാണിച്ചുതരുന്ന രംഗമുണ്ടായിരുന്നു. അതുകാണുന്പോൾ എന്റെ മുഖത്ത് ജാള്യത ഫീൽ ചെയ്യണമായിരുന്നു. എന്റെ ക്ലോസപ്പ് എടുക്കുന്പോൾ തന്പിയത് പറഞ്ഞതനുസരിച്ച് ഞാൻ മുഖത്ത് ജാള്യത വരുത്താൻ ശ്രമിച്ചു. അതുകണ്ട് തന്പി ഹായ് വെരി ഗുഡ് എന്ന് വിളിച്ചുപറയുകയും ആ ഷോട്ട് ആഡ് ചെയ്യണമെന്ന് പ്രത്യേകം പറയുകയും ചെയ്തപ്പോൾ സന്തോഷം തോന്നി.
ലാലുമായുള്ള ഫൈറ്റൊക്കെ നല്ല രീതിയിൽ തന്ന ചെയ്തു. എനിക്കു വേണ്ടി ഡബ്ബു ചെയ്തത് മറ്റൊരാളാണ്. എന്നാൽ വളരെ ആപ്റ്റായിരുന്നു ആ ശബ്ദം. ചിത്രം റിലീസ് ചെയ്തപ്പോൾ ആദ്യ ദിവസം തന്നെ എറണാകുളത്ത് വെച്ച് കണ്ടു. ഫസ്റ്റ് ഷോയ്ക്കാണ് പോയത്. മാറ്റിനി കണ്ടിറങ്ങുന്നവർ എന്നെ കണ്ട് ഡാ ദാ ആ കമ്മീഷണർ ഡേവിഡ് എന്ന് പറഞ്ഞ് തിരിച്ചറിഞ്ഞപ്പോൾ സന്തോഷം തോന്നി. അന്ന് ഋഷിരാജ് സിംഗ് നേരിൽ കണ്ടപ്പോൾ ഡേവിഡ് എന്ന് പറഞ്ഞ് തിരിച്ചറിഞ്ഞതും സന്തോഷത്തോടെ ഓർക്കുന്ന കാര്യം.
വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾ എന്നെ ഇന്ദ്രജാലത്തിലെ ഡേവിഡ് എന്ന് വിളിച്ച് തിരിച്ചറിയുന്പോൾ വളരെ വളരെ സന്തോഷം തോന്നുന്നു. ഇന്ദ്രജാലം ഹിറ്റായതോടെ ഞാനൊരു സൂപ്പർ വില്ലനായി മുഴുവൻ സമയ നടനാകുമെന്നൊക്കെ പലരും കരുതിയിരുന്നുവെങ്കിലും അതൊന്നും ഉണ്ടായില്ല.
ഒന്നാമത് സിനിമാക്കന്പം തലയ്ക്ക് പിടിച്ചിരുന്നില്ല. പിന്നെ പൊതുവെ എല്ലാവരിൽ നിന്നും ചെറിയൊരു അകലം പാലിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ഇടിച്ചുകയറി ചാൻസ് ചോദിക്കാനോ സിനിമയുടെ രീതികളുമായി ഇഴുകിച്ചേരാനോ എനിക്കായില്ല. എന്നാലും ചെറിയചെറിയ വേഷങ്ങൾ കിട്ടിക്കൊണ്ടിരുന്നു. പലതും പോലീസ് വേഷങ്ങളായിരുന്നു.
മമ്മൂട്ടിയുടെ കിഴക്കൻ പത്രോസ്, സുരേഷ് ഗോപിയുടെ രാഷ്ട്രം, ജയറാമിന്റെ ഒപ്പം ഐജിയായി ഫിംഗർ പ്രിന്റ്, ബാബു ആന്റണിയുടെ നെപ്പോളിയൻ, ഫഹദ് ഫാസിലിന്റെ മണിരത്നം, ജയസൂര്യയുടെ അച്ഛനായി മുംബൈ പോലീസിൽ, അഗ്രജൻ, മായാമാനസം എന്ന സീരിയൽ, കിറ്റക്സ് ലുങ്കിയുടെ പരസ്യം…അങ്ങിനെ ചിലതിലെല്ലാം പ്രത്യക്ഷപ്പെട്ടു.
ഐപിഎസുകാരനായ ശേഷം പോലീസിൽ നിന്ന് റിട്ടയർ ചെയ്ത് എറണാകുളത്ത് നിയമപഠനത്തിന് ചേർന്നു. നല്ല രീതിയിൽ പഠനം പൂർത്തിയാക്കി ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. രണ്ടാണ്മക്കളടക്കം മൂന്നുപേരും കുടുംബസമേതം വിദേശത്ത് കഴിയുന്നു. വീട്ടിൽ ഭാര്യയും ഞാനും മാത്രം. കാത്തലിക് സിറിയൻ ബാങ്ക് റിട്ട ഉദ്യോഗസ്ഥയാണ് ഭാര്യ.
വില്ലനെ തേടിയുള്ള യാത്ര അങ്ങിനെ സന്തോഷവാനായ കുടുംബനാഥനിൽ ചെന്നെത്തി. പോലീസായും വില്ലൻപോലീസായും ഒടുവിൽ വക്കീലായും ജിവിച്ചും അഭിനയിച്ചും തിളങ്ങിയ എ.ടി.ജോസ് മലയാള സിനിമ നന്നായി ഉപയോഗപ്പെടുത്താതെ വിട്ടുകളഞ്ഞ നടൻമാരിൽ ഒരാളാണ്. പക്ഷേ വൈകിയിട്ടില്ല…സ്ക്രീനിൽ അത്ഭുതം സൃഷ്ടിക്കാൻ, അഭിനയമികവിന്റെ ആ ഇന്ദ്രജാലം ഇനിയും കാണിക്കാൻ ഈ പഴയ പോലീസുകാരന്, പുതിയ വക്കീലിന് ഇപ്പോഴും കഴിയും….
ഋഷി