എരുമേലി: ചെറുപ്പത്തിൽ വന്ന പനിക്ക് എടുത്ത ഇൻജക്ഷൻ മൂലം മൂന്ന് പതിറ്റാണ്ടായി അംഗ വൈകല്യം പേറുന്ന കണ്ണന് ചികിത്സാ സഹായം അനുവദിച്ചു സർക്കാർ.
പക്ഷെ, ആധാർ കാർഡ് ഇല്ലാത്തത് മൂലം അക്കൗണ്ട് അനുവദിക്കാൻ ബാങ്കുകൾ തയാറാകുന്നില്ല.
ബയോ മെട്രിക് വിവരങ്ങൾ പതിയാഞ്ഞതിനാലാണ് ആധാർ കാർഡ് നിരസിക്കപ്പെട്ടതെന്ന് അക്ഷയകേന്ദ്രം അധികൃതർ പറയുന്നു.
അരയ്ക്ക് താഴോട്ട് കാലുകൾ ശോഷിച്ചത് മൂലം നടക്കാനാവാത്ത കണ്ണൻ (36) ചെറിയ ചക്രങ്ങൾ ഘടിപ്പിച്ച കൊരണ്ടിപ്പലകയിൽ ഇരുന്നാണ് സഞ്ചരിക്കുന്നത്. ലോട്ടറി വില്പനയാണ് ഉപജീവന മാർഗം.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് വില്പന. കഴിഞ്ഞയിടെ ഹൃദയഘാതം മൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കണ്ണനു സുഹൃത്തും ലോട്ടറി വില്പനക്കാരനുമായ ജയൻ ഉൾപ്പെടെയുള്ളവരാണ് ചികിത്സയ്ക്ക് സഹായം നൽകിയത്.
ആശുപത്രിയിൽ കണ്ണനെ പരിചരിക്കാൻ ഒരാളെ സുഹൃത്തുക്കൾ ദിവസവേതനം നൽകി നിയോഗിക്കുകയും ചെയ്തിരുന്നു.
തുടർ ചികിത്സയ്ക്ക് മാർഗമില്ലാത്തത് ചൂണ്ടിക്കാട്ടി സർക്കാരിന്റെ സാന്ത്വന സ്പർശം അദാലത്തിൽ കണ്ണൻ നിവേദനം നൽകിയിരുന്നു.
ഇതേത്തുടർന്നു കാൽ ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ അറിയിച്ചിരുന്നു. ഈ തുക സ്വീകരിക്കാനാണ് ബാങ്ക് അക്കൗണ്ട് ആവശ്യമായി വന്നത്.
ആധാർ ഇല്ലാത്തതിനാൽ അക്കൗണ്ട് നൽകാൻ ബാങ്കുകൾ തയാറായില്ല. പട്ടികവർഗ മലവേടർ വിഭാഗ അംഗമാണ് കണ്ണൻ.
ബാങ്ക് അക്കൗണ്ട് ലഭിച്ചാൽ ഉടനെ തന്നെ ചികിത്സാ സഹായം ലഭ്യമാകുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.