കൊച്ചി: സിനിമയുടെ കണ്ട്രോളറെന്നു സ്വയം പരിചയപ്പെടുത്തി തന്റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നുവെന്ന പരാതിയുമായി സംവിധായകൻ കണ്ണൻ താമരക്കുളം. തന്റെ പുതിയ സിനിമയുടെ കാസ്റ്റിംഗ് നടക്കുന്നുവെന്നും അവസരം തരാമെന്നും പറഞ്ഞ് ദുബായ് നന്പറിൽനിന്നും പലർക്കായി ജെയിംസ് എന്നയാൾ വാട്സ്ആപ് സന്ദേശങ്ങളും ഫോണ്‍വിളികളും നടത്തിയതായി കണ്ണൻ താമരക്കുളം പത്രസമ്മേളനത്തിൽ പറഞ്ഞു.
00971589390438, 00971547591967 എന്നീ നന്പറുകളിൽ നിന്നാണ് ഇയാൾ മറ്റുള്ളവർക്ക് സന്ദേശങ്ങളും ഫോണ്‍വിളികളും നടത്തിയിട്ടുള്ളത്. ചാണക്യതന്ത്രം 2 എന്ന സിനിമയിലേക്കുള്ള കാസ്റ്റിംഗ് നടക്കുകയാണെന്നും ഫോട്ടോ അയച്ചുകൊടുക്കാനും ഫ്ളാറ്റിൽ വന്നു കാണാനും പറഞ്ഞാണു പലരെയും ബന്ധപ്പെട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനും ഏബ്രഹാം മാത്യു നിർമാണവും നിർവഹിക്കുന്നതാണ് പുതിയ ചിത്രം എന്നാണ് ഇവരെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. എന്നാൽ, ഇതിനെപ്പറ്റി തനിക്കറിയില്ലെന്ന് കണ്ണൻ താമരക്കുളം പറഞ്ഞു.
കഴിഞ്ഞ വർഷം ’ചാണക്യതന്ത്രം’ റിലീസ് ചെയ്തപ്പോഴും ഇത്തരം സംഭവം ഉണ്ടായിരുന്നു. അന്നു സൈബർ സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും ദുബായ് നന്പറായിരുന്നതിനാൽ ആളെ പിടികൂടാനായില്ല. തുടർച്ചയായി തന്റെ സിനിമകൾ റിലീസ് ചെയ്യുന്ന സമയങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയിട്ടുണ്ട്. കൂടാതെ ദുബായ് പോലീസിൽ പരാതി നൽകാനുള്ള ശ്രമത്തിലാണ്.