ചങ്ങരംകുളം: നഷ്ടവസന്തത്തിന്റെ ഓർമചെപ്പുകൾ തുറന്ന് എംടി കഥകളിലെ കണ്ണാന്തളി പൂവിന് നരിമാളൻ കുന്നിൽ പുനർജനി.എംടി കഥകളിലൂടെ ജനഹൃദയങ്ങളിലേക്ക് സൗരഭ്യം പരത്തിയ കണ്ണാന്തളി പൂവ് ഒരുകാലത്ത് വളളുവനാടൻ ഗ്രാമത്തിലെ കാഴ്ച്ച ചന്തമായിരുന്നു.എന്നാൽ ഈ പൂവ് കാണാനില്ലായെന്നത് എംടി തന്നെ തുടർന്നു ലേഖനങ്ങളിൽ സങ്കടപ്പെട്ടത് കഥാസ്നേഹികളെ നൊന്പരപ്പെടുത്തി.
അപൂർവമായിമാത്രം കാണുന്ന ഈ ചെടി ഓണദിനങ്ങളോട് ചേർന്നാണ് പാലക്കാട് ജില്ലയിലെ ആനക്കര വെള്ളാളൂർ നരിമാളൻ കുന്നിലും പരിസര കുന്നുകളിലും പൂക്കാറുള്ളത്. പണ്ട് വളളുവനാടൻ ഗ്രാമീണതയുടെ മുഖശ്രീയായി മുക്കുറ്റി പൂവിനും തുന്പപൂവിനുമൊപ്പം പൂക്കളങ്ങളിൽ വിരാജിച്ചിരുന്ന കണ്ണാന്തളിപ്പൂക്കൾ വേരറ്റുപോയി എന്നു തന്നെയാണ് സസ്യശാസ്ത്രം കരുതിയിരുന്നത്. എന്നാൽ യന്ത്രകൈകൾ മാന്തിയെടുത്തു കൊണ്ടിരിക്കുന്ന നരിമാളൻ കുന്നിൽ ഇന്നും ഈ പൂക്കൾ അവശേഷിക്കുന്നു.
കാലം തെറ്റിയാണ് പുഷ്പ്പിക്കുന്നതെങ്കിലും മനുഷ്യന്റെ ക്രൂരതകളെ തോൽപ്പിക്കാൻ ദുർബലമായ ഒരു ചെറുത്തു നിൽപ്പിനെന്ന പോലെയാണ് കണ്ണാന്തളി പൂക്കൾ വിടർന്നു നിൽക്കുന്നത്. പച്ചപ്പ് നിറഞ്ഞ നരിമാളൻ കുന്നിൽ പുത്തരിയുടെ മണവും വെളളയിൽ വൈലറ്റ് കളർന്ന ചന്തവും ഈ പൂവ്വിനെ മറ്റ് പൂക്കളിൽ നിന്ന് വേരിട്ടതാക്കുന്നു. ചരലും നീർ വാർച്ചയുമുളള കുന്നിൽ ചെരുവിൽ മാത്രമാണ് ഈ പൂവ് കണ്ടുവരാറ്. നരിമാളൻ കുന്നിനു പുറമേ എം.ടി കഥകളിൽ പറയുന്ന താണിക്കുന്ന്, പറക്കുളം കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും നോക്കത്താ ദൂരത്തോളം ഈ പൂക്കൾ വിരിഞ്ഞു നിൽക്കാറുണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.
ജെന്റയിൻ ഫാമിലിയിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രിയ നാമം എക്സാകം ടെട്രാഗണം എന്നാണ്.നാലു ഇതളുകളുള്ള പുഷ്പ്പം രണ്ടു സെന്റി മീറ്റർ വരെ വലുപ്പത്തിൽ കാണപ്പെടുന്നു. കണ്ണാന്തളി പൂക്കളുടെ ചെടി ആയൂർവേദ മരുന്നുകളുടെ ഗണത്തിൽപ്പെടുന്നവയാണ്. ത്വക്ക്, കണ്ണ്, ഡയബറ്റിക്, മൂത്രാശയ രോഗങ്ങൾക്ക് ഉത്തമ ഒൗഷധമായിരുന്നു കണ്ണാന്തളിർ.
കല്ലുവെട്ടിയും മണ്ണെടുത്തും പ്രകൃതി രമണീയമായ കുന്നുകൾ നശിപ്പിക്കപ്പെട്ടതോടെ അപൂർവമായി കണ്ടിരുന്ന പല ചെടികളും കാലയവനികക്കുളളിലൊളിച്ചു.
ഇന്ന് നരിമാളൻ കുന്നിലെത്തുന്ന സാഹിത്യ വായനകാർക്കും പ്രകൃതിസ്നേഹികൾക്കും ആനന്ദമേകി ഒരു കണ്ണാന്തളി ചെടി മാത്രമാണ് പൂത്ത് നിൽക്കുന്നത്. ഒരു കാലത്ത് നൂറുകണക്കിന് ഞാവൽ മരങ്ങളും വിവിധ തരം ചെടികളുമായി പ്രകൃതി സ്നേഹികൾക്ക് ഏറെ ആനുഗ്രമായിരുന്ന നരിമാളൻ കുന്ന് ഇന്ന് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഒരു പക്ഷേ നരിമാളൻ കുന്നിൽ വിരിയുന്ന നൂറ് കണക്കിന് ചെറുപുഷ്പ്പങ്ങളിൽ നിന്നും തേൻ നുകരാനെത്തുന്ന ചിത്രശലഭങ്ങൾ ഇന്നും കണ്ണാന്തളി പൂക്കളെ തേടി അലയുന്നുണ്ടാവാം.പ്രകൃതി ആസ്വാദനത്തിനായി നരിമാളൻ കുന്നിലെത്തുന്നവരിൽ സുഗന്ധം പൂകി നിൽക്കുന്ന കണ്ണാന്തളി കൗതുകക്കാഴ്ചയായി മാറാൻ തുടങ്ങിയത് കണ്ണാന്തളിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയ എംടിക്ക് ഏറെ സന്തോഷം നൽകുന്നുണ്ടാവും.