കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാതെ വരികയാണെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് കുറെ ട്രോളുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കുകയാണ് മലയാളികളുടെ പണിയെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബീഫിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വാര്‍ത്തയ്ക്കുവേണ്ടി മാത്രം പറഞ്ഞതല്ല. ബീഫിനെക്കുറിച്ച് ഒറീസയില്‍ പറഞ്ഞത് തമാശയായി എടുക്കാത്തതാണ് വിവാദമാവാന്‍ കാരണം. വിദേശത്ത് നല്ല ബീഫ് കിട്ടും. അവിടെനിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും കണ്ണന്താനം പറഞ്ഞു.
കേന്ദ്രമന്ത്രിയായി എന്നെ തെരഞ്ഞെടുത്ത ഉടനെ എന്റെ ഭാര്യ നടത്തിയ ഒരു പ്രതികരണം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അതേക്കുറിച്ച് ട്രോളുകളും ഇറങ്ങുന്നുണ്ട്. മലയാളികള്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ. രാവിലെ മുതല്‍ മൊബൈലില്‍ കുത്തി ഇരുന്നാല്‍ മതിയല്ലോ. എന്റെ സംസാരവും എന്റെ മുഖവും ഉപയോഗിച്ച് ട്രോളുകള്‍ ഉണ്ടാക്കി ആളുകള്‍ സന്തോഷിക്കുകയാണെങ്കില്‍ നല്ല കാര്യമല്ലേ. ഞങ്ങളും അതൊക്കെ കണ്ട് ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് തമാശ പറയാനും ചിരിക്കാനും കഴിയില്ല എന്ന് കരുതരുത്. ഞാനൊരു ഫണ്‍ പേഴ്സണാണ്. ജീവിതം സന്തോഷിക്കാനും സന്തോഷിപ്പിക്കാനും ഉള്ളതാണ്. എന്റെ ജീവിത ലക്ഷ്യവും അതുതന്നെയാണ്. കണ്ണന്താനം പറഞ്ഞു.