കണ്ണന്താനം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം! അമിത് ഷാ പറഞ്ഞത് പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് വി.മുരളീധരന്‍ എംപി.

തിരുവനന്തപുരം: കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത് പരിഭാഷപ്പെടുത്തിയതിൽ തനിക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് വി.മുരളീധരൻ എംപി. പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ വന്ന പിശകാണെന്നും അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തെ തള്ളിയാണ് മുരളീധരൻ രംഗത്തുവന്നിരിക്കുന്നത്.

കണ്ണൂരിൽ നടന്ന യോഗത്തിൽ ദേശീയ അധ്യക്ഷന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് വി.മുരളീധരനാണ്. തനിക്ക് പരിഭാഷ നടത്തിയപ്പോൾ തെറ്റൊന്നും സംഭവിച്ചിട്ടില്ല. കണ്ണന്താനം പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും അതിന് സ്വാതന്ത്ര്യമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കണ്ണൂരിലെ പൊതുയോഗത്തിൽ ശബരിമല വിഷയം പ്രതിപാദിച്ചപ്പോഴാണ് അമിത് ഷാ കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന പരാമർശം നടത്തിയത്. ഇതിനെതിരേ ഇടത് നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ബിജെപിയുടെ ഒൗദാര്യംകൊണ്ടല്ല കേരള സർക്കാർ ഭരണം നടത്തുന്നതെന്നായിരുന്നു അമിത് ഷായ്ക്ക് മുഖ്യമന്ത്രി നൽകിയ മറുപടി.

Related posts