പറവൂർ: വോട്ടുപിടിത്തത്തിനിടെ കോടതി മുറിയിൽ കയറിയ എറണാകുളത്തെ ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം വിവാദത്തിൽ. വ്യാഴാഴ്ച രാവിലെ പറവൂരിലെത്തിയ കണ്ണന്താനം പറവൂർ അഡീഷണൽ സബ് കോടതി മുറിയിൽ കയറിയതാണ് വിവാദമായത്. കോടതിമുറിയിൽ കയറിയതും വോട്ടർമാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം.
പറവൂർ ബാർ അസോസിയേഷൻ പരിസരത്ത് വോട്ടഭ്യർഥിച്ച് എത്തിയതായിരുന്നു കണ്ണന്താനം. അവിടെനിന്ന് സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിയിലുണ്ടായിരുന്നു. എന്നാൽ ആ സമയം ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. കണ്ണന്താനം പുറത്തിറങ്ങിയ ശേഷമാണ് ജഡ്ജി കോടതി മുറിയിലെത്തിയത്.
സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്ന കാര്യം പരിശോധിക്കുകയാണെന്ന് ബാർ അസോസിയേഷൻ അറിയിച്ചു. എന്നാൽ കോടതിയിൽ കയറിയതല്ലാതെ വോട്ടഭ്യർഥിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന വിശദീകരണം.