കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് വാസികള്‍ ഭീതിയില്‍. മട്ടിക്കുന്നിലെ ഉരുള്‍പ്പെട്ടലിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം കണ്ണപ്പന്‍കുണ്ടില്‍ പുഴ ദിശമാറി ഒഴുകിയത്. മഴശക്തിപ്രാപിക്കുന്നതോടെ ഇനിയും മട്ടിക്കുന്നില്‍ ഉരുള്‍പൊട്ടാനുള്ള സാധ്യതയേറെയാണ്. ഉരുള്‍പൊട്ടലുണ്ടായാല്‍ കണ്ണപ്പന്‍കുണ്ടില്‍ പുഴ കരകവിഞ്ഞ് ദിശമാറി ഒഴുകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ വര്‍ഷം 13 വീടുകളായിരുന്നു തകര്‍ന്നത്.
53 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഉപ്പുണ്ണിക്കൽ മുഹമ്മദിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മണ്ണും പാറക്കല്ലുകളും വന്മരങ്ങളും കണ്ണപ്പന്‍കുണ്ട് പാലത്തിന് കുറുകെ വന്നടിഞ്ഞതോടെയാണ് പുഴ ദിശമാറി ഒഴുകിയത്. നേരത്തെ പുഴ ഒഴുകിയിരുന്ന ഭാഗത്ത് മീറ്ററോളം നീളത്തില്‍ മണ്ണും കല്ലും നിറഞ്ഞതോടെ പുഴ ദിശമാറുകയായിരുന്നു.
കണ്ണപ്പന്‍കുണ്ട് പാലത്തിനടിയില്‍ വിസിബി (വെന്റഡ് ക്രോസ്ബാര്‍) നിര്‍മിച്ചതിനെ തുടര്‍ന്നായിരുന്നു മരങ്ങളും കല്ലുകളും കുടുങ്ങി ഒഴുക്ക് നിലച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ ലഫ്. കേണല്‍ തീര്‍ഥാങ്കര്‍, സുബേദാര്‍ കെ. ദിനേശന് എന്നിവരുടെ നേതൃത്വത്തിലെത്തിയ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിലെ 60 അംഗ സൈന്യവും ഫയര്‍ഫോഴ്സും സ്വകാര്യ കരാര്‍ സൊസൈറ്റിയും ചേര്‍ന്നാണ് പുഴയില്‍ നിന്ന് ഒന്നര മീറ്റര്‍ ഉയരമുള്ള വിസിബിയുടെ ഭാഗങ്ങള്‍ പൊളിച്ചുനീക്കിയത്.
സൈന്യത്തിന്റെയും സ്വകാര്യ കരാര്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് പാലത്തിനടിയിലെ തടസങ്ങള്‍ നീക്കിയശേഷമായിരുന്നു വിസിബി പൊളിച്ചത്. അതേസമയം വിസിബി പൊളിച്ചെങ്കിലും പാലത്തിന്റെ തൂണുകള്‍ അടുത്തടുത്താണുള്ളത്. അതിനാല്‍ മലവെള്ളം സുഗമമായി ഒഴുകുവാനാവില്ല. ഇതേതുടര്‍ന്ന് പാലത്തിനടയില്‍ മണ്ണും മരങ്ങളും മഴക്കാലത്ത് വന്നടിയുകയും പുഴ ഗതിമാറി വീണ്ടും ഒഴുകുമെന്നുമാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്.
അതേസമയം പ്രളയത്തിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും നാള്വഴികളുടെ ഓര്‍മപ്പെടുത്തലുമായി ഇന്ന് സംഘടിപ്പിക്കുന്ന ‘ജനകീയം ഈ അതിജീവനം’ പൊതുജന സംഗമത്തില്‍ കണ്ണപ്പന്കുണ്ടിന്റെ അവസ്ഥ അവതരിപ്പിക്കാനാണ് നാട്ടുകാര്‍ തീരുമാനം . ഇന്ന് താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും ജില്ല ഒത്തൊരുമയിലൂടെ കരകയറിയതിന്റെ നേര്‍സാക്ഷ്യം അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ 11 ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് സംഗമം ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന് ആനുകൂല്യവിതരണം നിര്‍വഹിക്കും. പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്കു നീങ്ങുന്നതിന് മുന്നോടിയായാണ് സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും നടത്തും. ജനപ്രതിനിധികളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പുനര്‍നിര്‍മാണത്തിന്റെ ആശയ രൂപീകരണത്തിനുളള വേദികൂടിയാകും സംഗമം.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരേ ദിവസം നടക്കുന്ന സംഗമങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് നവകേരള നിര്‍മാണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്യും.