
പഴയങ്ങാടി: കെ. കണ്ണപുരത്തുള്ള പുതിയഭഗവതി ക്ഷേത്രം (പുതിയകാവ്) തീപിടിച്ചുകത്തി നശിച്ചു. ക്ഷേത്രത്തിനു മുന്നിലുള്ള വിളക്കിൽ നിന്നോ നടയിൽ തെളിയിച്ച മൺചിരാതിൽ നിന്നോ ക്ഷേത്രത്തിലേക്കു തീ പടർന്നതാകാമെന്നാണു പ്രാഥമിക നിഗമനം.
ഇന്നു പുലർച്ചെ രണ്ടോയോടെയായിരുന്നു സംഭവം. കണ്ണപുരം എസ്ഐ ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണു തീയണച്ചത്.
ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂർണമായും കത്തിനശിച്ച നിലയിലാണ്. എങ്കിലും ദേവീയുടെ പഞ്ചലോഹ വിഗ്രഹത്തിനു കേടുപാട് സംഭവിച്ചിട്ടില്ല.
ഈ മാസം ഒൻപതു മുതൽ കളിയാട്ടം നടക്കുന്നതിന്റെ ഭാഗമായി നവീകരണ പ്രവൃത്തി നടന്നുവരികയായിരുന്നു. ഉത്സവം മാറ്റിവച്ചതായും പ്രശ്നചിന്ത നടത്തി ഭാവികാര്യങ്ങൾ നടത്തമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.